വെഞ്ഞാറമൂട് : അജിൻ കുമാറിന്റെ വിയോഗം ആലന്തറ ഗ്രാമത്തിന്റെ ദുഃഖമായി. ആലന്തറ ദീപാനഗർ ശ്രീമാധവത്തിൽ അജിൻകുമാർ (49) കഴിഞ്ഞ 30 ന് സൗദി അറേബ്യയിലെ അൽ-ഹസ്സയിൽ കൊവിഡ് ബാധയെതുടർന്ന് മരണമടഞ്ഞിരുന്നു. അൽ-ഹസ്സ-ഫഹത് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം. 31 വർഷമായി സൗദി-അറേബ്യയിൽ ഡ്രെെവറായി ജോലി ചെയ്തു.
നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു അജിൻ. നാട്ടിൽ വരുന്ന സമയത്തെല്ലാം റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തനങ്ങളിലും ക്ഷേത്രകമ്മിറ്റിയിലും പൊതുരംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു. ഉത്സവത്തിന് നാട്ടിൽവരുമെന്ന് വീട്ടുകാരെയും അടുത്ത സുഹൃത്തുക്കളെയും വിളിച്ചറിയിച്ചിരുന്നു. കൊവിഡുമൂലം ഉത്സവങ്ങൾ റദ്ദാക്കിയപ്പോൾ യാത്ര നീട്ടിവച്ചു. കൊവിഡിന് ശേഷം നാട്ടിലേക്കു വരാൻ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കവെയാണ് രോഗബാധിതനായത്. നാട്ടിലെത്തുമെന്ന് പറഞ്ഞിരുന്ന അച്ഛന്റെ പെട്ടെന്നുള്ള മരണം മക്കളായ ദേവികയ്ക്കും ഗോപികയ്ക്കും ഭാര്യ ഹണി രവീന്ദ്രനും വിശ്വസിക്കാനാവുന്നില്ല. നടപടികൾ പൂർത്തിയായാൽ മൃതദേഹം സൗദി-അറേബ്യയിൽ സംസ്കരിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.