ep-jayarajan

തിരുവനന്തപുരം: ദേവികുളം സാഹസിക അക്കാഡമിയെ സംസ്ഥാനത്തെ മറ്റ് സാഹസിക ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമബോർഡിന്റെ നേതൃത്വത്തിൽ യാഥാർത്ഥ്യമാക്കുന്ന സാഹസിക അക്കാഡമിയുടെ പുതിയ മന്ദിരോദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു മന്ത്രി. ടൂറിസം കേന്ദ്രങ്ങളുമായി അക്കാഡമിയെ ബന്ധിപ്പിക്കുന്നതുവഴി ഇവയുടെ പ്രവർത്തനം സുഗമമാക്കാൻ സാധിക്കും. അക്കാഡമി വിപുലീകരിക്കുന്നതനുസരിച്ച് പുതിയ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കും. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് പോലെയുള്ള സംസ്ഥാനങ്ങളിലെ അക്കാഡമികൾക്കു സമാനമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്യും.

മൂന്നു നിലകളിൽ തയാറാകുന്ന അക്കാഡമിയിൽ 150 പേർക്ക് പരിശീലനം ലഭിക്കുന്നതിനുള്ള സജീകരണം രണ്ടാം ഘട്ടത്തിൽ തന്നെ പൂർത്തിയാകും. സാഹസിക വിനോദം പൊതുവെ യുവജനങ്ങൾക്ക് ഹരം പകരുന്ന മേഖലയായതിനാൽ അതിനായുള്ള ശ്രമങ്ങൾ ഫലം കാണുക തന്നെ ചെയ്യും- മന്ത്രി പറഞ്ഞു. ചടങ്ങിൽ യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ പി.ബിജു, മെമ്പർ സെക്രട്ടറി വി.ഡി.പ്രസന്നകുമാർ, ബോർഡ് അംഗം സന്തോഷ് കാല തുടങ്ങിയവർ പങ്കെടുത്തു.


യുവജനങ്ങൾക്കിടയിൽ സാഹസിക കായിക വിനോദങ്ങളുടെ പ്രധാന്യം പ്രചരിപ്പിക്കുക, സാഹസിക കായിക വിനോദങ്ങൾ ഉപയോഗപ്പെടുത്തുക, സാഹസിക ടൂറിസം ഉൾപ്പടെയുളള മേഖലകളിൽ യുവാക്കളുടെ തൊഴിൽ സാധ്യതവർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ഇടുക്കി ജില്ലയിലെ ദേവികുളത്ത് 1998 മാർച്ച് മാസത്തിലാണ് ദേശീയ സാഹസിക അക്കാഡമി പ്രവർത്തനം ആരംഭിച്ചത്. അക്കാഡമിയുടെ പ്രവർത്തനം ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടി 34000 സ്‌ക്വയർ ഫീറ്റിലുള്ള മന്നു നില മന്ദിരമാണ് നിർമിക്കുന്നത്.