തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മാസ്‌ക്, സാനിറ്റൈസർ, ഗ്ലൗസ്, ബസുകൾ അണുനശീകരണം നടത്താൻ മോട്ടോർ എന്നിവ നൽകി ലഫ്റ്റനന്റ് കേണൽ ഗിരീഷ് കുമാറിന്റെ കുടുംബം. 15 വർഷമായി ഉത്തരേന്ത്യയിൽ സ്ഥിരതാമസമാക്കിയ കേണലിന്റെ ഭാര്യ സുപ്രിയയും രണ്ട് പെൺമക്കളും കഴിഞ്ഞ മാസം നാലിനാണ് പൂനെയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്. ക്വാറന്റൈനിൽ കഴിഞ്ഞ ഇവർ വീട്ടിലേക്കു മടങ്ങും മുമ്പാണ് നന്ദി സൂചകമായി സുരക്ഷാ ഉപകരണങ്ങൾ സമ്മാനിച്ചത്. പൂനെയിൽ നിന്ന് വളരെ വിഭിന്നമാണ് കേരളത്തിലെ സ്ഥിതിയെന്ന് ഇവർ പറഞ്ഞു. ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും എല്ലാ ദിവസവും വിളിച്ച് ആരോഗ്യ വിവരങ്ങൾ തിരക്കി. പൊലീസുകാരും സഹായത്തിനെത്തി. പൂനെയിൽ സ്ഥിതി അതീവ ഗുരുതരമാണെന്നും വളരെ സുരക്ഷിതമായ സ്ഥലമാണ് കേരളമെന്നതിനാൽ അവിടെയുള്ള സുഹൃത്തുക്കൾ ഇങ്ങോട്ടേക്ക് വരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നെന്നും ഭാര്യ സുപ്രിയ പറഞ്ഞു. സുരക്ഷാ ഉപകരണങ്ങൾ ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എം.ജി. രാഹുൽ എറ്റുവാങ്ങി. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എം. ശിവകുമാർ, സെക്രട്ടറി എസ്.ജെ. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.