തിരുവനന്തപുരം: സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഇയിൽ സർവീസ് റൂളും ചട്ടവും കീഴ്‌വഴക്കവും ലംഘിച്ച് എം.ഡിയായി നിയമിച്ച വി.ജയകുമാരൻ പിള്ള റിട്ടയർമെന്റ് കാലാവധി കഴിഞ്ഞിട്ടും ഒരു ഉത്തരവിന്റെയും പിൻബലമില്ലാതെ സർവീസിൽ തുടരുന്നു.
വിജിലൻസ് ക്ളിയറൻസ് ലഭിക്കാത്തതിനാൽ ജയകുമാരൻ പിള്ളയെ നിയമിക്കുന്നതിന് മന്ത്രിസഭ അനുമതി നൽകിയിരുന്നില്ല. ഭൂഗർഭ ജലവകുപ്പിൽ കൊല്ലത്ത് സീനിയർ ഹൈഡ്രോളജിസ്‌റ്റായിരുന്ന പിള്ളയെ എന്നിട്ടും കഴിഞ്ഞ മാർച്ചിൽ ഡെപ്യൂട്ടേഷനിൽ നിയമിച്ചു. ഭരണകക്ഷി യൂണിയന്റെ സജീവ പ്രവർത്തകനാണ്. കഴിഞ്ഞ മേയ് 3ന് വിരമിച്ചു. ഇപ്പോഴും തുടരുകയാണ്.
പബ്ലിക് സെക്ടർ റീസ്ട്രക്ചറിംഗ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡ് (റിയാബ്) അഭിമുഖം നടത്തി തയ്യാറാക്കുന്ന പട്ടികയിൽ നിന്നോ അല്ലെങ്കിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെയോ ആണ് വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ എം.ഡിയായി നിയമിക്കുക. എന്നാൽ ഈ ചട്ടങ്ങളൊന്നും ജയകുമാരൻ പിള്ളയുടെ കാര്യത്തിൽ പാലിക്കപ്പെട്ടില്ല. എം.എസ്‌സിക്കാരനായ ഇദ്ദേഹത്തിന് ഭൂഗർഭ ജലവകുപ്പിൽ പ്രവർത്തിച്ച പരിചയം മാത്രമാണുള്ളത്.
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലെ എയർകാർഗോ വിഭാഗം, കേരള സോപ്‌സ്, കൊച്ചിൻ ഇന്റർനാഷണൽ കണ്ടെയ്‌നർ ഫ്രെയ്റ്റ് സ്റ്റേഷൻ, സീ കാർഗോ തുടങ്ങിയവയാണ് കെ.എസ്.ഐ.ഇയുടെ പ്രധാന പ്രവർത്തന മേഖല.