online-classes

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകളുടെ ഗോത്ര ഭാഷാപരിഭാഷ പഠനപരിശീലനത്തിന് സംസ്ഥാനത്ത് തുടക്കമായി. മന്ത്രി സി.രവീന്ദ്രനാഥ് ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

സമഗ്രശിക്ഷായുടെ യൂ ട്യൂബ് ചാനലായ വൈറ്റ് ബോർഡിലൂടെയാകും വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ ആദിവാസി ഗോത്ര സമൂഹങ്ങളിലുൾപ്പെട്ട കുട്ടികൾക്ക് മാതൃഭാഷകളിൽ ക്ലാസുകൾ ലഭ്യമാകുക.

ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ തന്നെ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ പത്തോളം പ്രധാന ഗോത്ര ഭാഷകളിലെ പരിഭാഷാ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഊരുകളിൽ നിന്ന് ഉയർന്ന വിദ്യാഭ്യാസം നേടിയ യുവതീയുവാക്കളെ പരിശീലിപ്പിച്ച് മെന്റർ ടീച്ചർമാരായി നിയമിച്ച് ക്ലാസ് നൽകുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കുക.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു, സമഗ്രശിക്ഷാ ഡയറക്ടർ ഡോ. എ.പി.കുട്ടികൃഷ്ണൻ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദ്, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാരായ കെ.ജെ. ഹരികുമാർ, സിന്ധു.എസ്.എസ് തുടങ്ങിയവർ പങ്കെടുത്തു.