juventus

ജെനോവയെ 3-1ന് കീഴടക്കിയ യുവന്റസിന് നാല് പോയിന്റ് ലീഡ്

ടൂറിൻ : ജെനോവയ്ക്കെതിരായ തകർപ്പൻ വിജയത്തോടെ യുവന്റസ് ഇറ്റാലിയൻ സെരി എയിലെ ഒന്നാംസ്ഥാനം സുരക്ഷിതമാക്കി.

കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ യുവന്റ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജെനോവയെ കീഴടക്കിയത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, പാബ്ളോ ഡിബാല, ഡഗ്ളസ് കോസ്റ്റ എന്നിവരാണ് യുവന്റസിനായി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്.

ഇൗ വിജയത്തോടെ യുവന്റസിന് 29 മത്സരങ്ങളിൽനിന്ന് 72 പോയിന്റായി. രണ്ടാംസ്ഥാനക്കാരായ ലാസിയോയ്ക്ക് 68 പോയിന്റുകളാണുള്ളത്.

ഗോളുകൾ ഇങ്ങനെ

1-0

50-ാം മിനിട്ട്

പാബ്‌ളോ ഡിബാല

ക്വാർഡാഡോയിൽ നിന്ന് കിട്ടിയ പാസുമായി ബോക്സിനുള്ളിൽ ജെനോവ പ്രതിരോധത്തെ ചുറ്റിനടന്ന് മണ്ടൻ കളിപ്പിച്ചശേഷം ഡിബാല തൊടുത്ത അത്യുഗ്രൻ ഷോട്ട് ഇൗ സീസണിൽ ഡിബാലയുടെ 10-ാമത്തെ ഗോളായിരുന്നു ഇത്. ടീമിനായി ആദ്യഗോൾ നേടുന്നത് ഏഴാം തവണ.

2-0

56-ാം മിനിട്ട്

ക്രിസ്റ്റ്യാനോ റൊണാൾഡോ

മദ്ധ്യനിരയിൽനിന്ന് പ്യാനിച്ച് നൽകിയ പാസുമായി ഒാടിക്കയറിയ ക്രിസ്റ്റ്യാനോ പോസ്റ്റിന് 25 വാര അകലെനിന്ന് തൊടുത്ത മിസൈൽ ഷോട്ടാണ് ഇൗ സീസണിലെ അദ്ദേഹത്തിന്റെ 24-ാമത്തെ ഗോളായി മാറിയത്.

3-0

70-ാം മിനിട്ട്

ഡഗ്ളസ് കോസ്റ്റ

ഡിബാലയിൽ നിന്ന് സ്വീകരിച്ച പന്ത് ബോക്സിന്റെ ഇടതുവശത്തുനിന്ന് മഴവില്ലുപോലെ വളച്ചടിച്ച് വലയിലാക്കിയ കോസ്റ്റയുടെ മനോഹര ഗോൾ.

3-1

76-ാം മിനിട്ട്

പിനമോണ്ടി

വിഫലമാക്കപ്പെട്ട ഒരു കോർണർ കിക്കിൽ നിന്ന് കിട്ടിയ പന്താണ് പിനമോണ്ടി ജെനോവയുടെ ആശ്വാസഗോളാക്കിയത്.

6

സെരി എയിലെ യുവന്റസിന്റെ തുടർച്ചയായ ആറാം വിജയമാണിത്.