obituary

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ മൂന്നാമത്തെ യുവാവിന്റെ മൃതദേഹം ഇന്നലെ കരയ്ക്കടിഞ്ഞു. കരിമ്പാച്ചൻ സുബ്രഹ്മണ്യന്റെ മകൻ ജഗന്നാഥന്റെ(19) മൃതദേഹമാണ് രാവിലെ ഏഴിന് തിരുവത്ര പുത്തൻ കടപ്പുറത്ത് തീരത്ത് അടിഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: സുജാത. സഹോദരങ്ങൾ: സുബിത, സുനിത, സൂര്യ.

ജഗന്നാഥന്റെ കൂടെ ഒഴുക്കിൽപ്പെട്ട് കാണാതായ പാറൻപടി സ്വദേശി വലിയകത്ത് ജനാർദ്ദനന്റെ മകൻ ജിഷ്ണുസാഗറിന്റെ(20) മൃതദേഹം ചൊവാഴ്ച്ച രാത്രി പത്തോടെ ബീച്ച് പാർക്കിന് പടിഞ്ഞാറ് കരയ്ക്കടിഞ്ഞിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് അഞ്ചംഗ സംഘം അപകടത്തിൽപ്പെട്ടത്. തീരത്ത് ഫുട്‌ബാൾ കളിക്കുന്നതിനിടെ കടലിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ജഗനാഥനാണ് ആദ്യം തിരയിൽ പെട്ടത്. രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും അകപ്പെടുകയായിരൂന്നു. അപകടത്തിൽപ്പെട്ട ഇരട്ടപ്പുഴ ചക്കര ബാബുരാജിന്റെ മകൻ വിഷ്ണുരാജ് ആശുപത്രിയിലെത്തും മുൻപേ മരിച്ചിരുന്നു.