തത്കാലം ഇളവില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: അൺലോക്ക് രണ്ടാം ഘട്ടത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനാന്തര യാത്രാ വിലക്ക് നീക്കിയ പശ്ചാത്തലത്തിൽ, എത്തിച്ചേരുന്നവരുടെ കൃത്യത ഉറപ്പാക്കാൻ ഇ- ജാഗ്രതാ പോർട്ടൽ രജിസ്ട്രേഷൻ നിബന്ധന തുടരാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം.
വിലക്ക് നീക്കിയതോടെ പാസില്ലാതെ യഥേഷ്ടം കടന്നുവരാനാകും. വരുന്നവരെക്കുറിച്ച് ഒരു ധാരണയുമില്ലെങ്കിൽ സമ്പർക്ക വ്യാപനത്തിന് ഇടയാക്കും. കൊവിഡ് സമൂഹവ്യാപന ഭീഷണി ഉയർന്നുവരുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ പുതിയ തീരുമാനം കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും. ഈ പശ്ചാത്തലത്തിലാണ് രജിസ്ട്രേഷൻ തുടരാനുള്ള തീരുമാനം. ഇക്കാര്യത്തിൽ നിയമപരമായ പരിശോധന നടത്തും. സംസ്ഥാനത്തിന്റെ തീരുമാനം കേന്ദ്രത്തെ അറിയിക്കും.
ഇ- ജാഗ്രതാ രജിസ്ട്രേഷനിൽ ഇളവ് വരുത്താൻ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് പ്രദേശങ്ങളിൽ നിന്ന് വരുന്നവരിൽ ഒരു വിഭാഗം രോഗവാഹകരാണെന്നതാണ് അനുഭവപാഠം. വിദേശത്ത് നിന്നായാലും മറ്റിടങ്ങളിൽ നിന്നായാലും അങ്ങനെയാണ്. അതിനാൽ ജാഗ്രത തുടരേണ്ടതുണ്ട്. പുറപ്പെടുമ്പോൾ തന്നെ ഇവിടെ രജിസ്റ്റർ ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. അത് പാലിക്കണം. വരുന്നവരെ കൃത്യമായി മനസിലാക്കാനും ക്വാറന്റൈൻ സൗകര്യമൊരുക്കാനും അതുപകരിക്കും. വാർഡുതല സമിതികളാണ് ക്വാറന്റൈൻ കാര്യമൊരുക്കുന്നത്. അവരെ സഹായിക്കുന്ന നടപടിയാണിത്. രജിസ്ട്രേഷൻ നടത്തിയാൽ അപ്പോൾത്തന്നെ മറുപടിയെത്തും.