തിരുവനന്തപുരം: പള്ളിപ്പുറം ടെക്‌നോസിറ്റിയിൽ കളിമൺ ഖനനത്തിന് തീരുമാനിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമെന്ന് ഉമ്മൻചാണ്ടി. രാജ്യം ഉറ്റുനോക്കുന്ന സ്ഥാപനമായി വളരാനിരിക്കുന്ന ടെക്‌നോസിറ്റിയെ ഖനനത്തിലൂടെ തകർക്കാനുള്ള സർക്കാർ ശ്രമം ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പള്ളിപ്പുറം ടെക്‌നോ സിറ്റിക്ക് സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ കളിമൺ ഖനന നീക്കത്തിനെതിരെ കോൺഗ്രസ് രൂപീകരിച്ച കർമ്മസമിതി നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം സി.പി.എം നേതാവാണ് കെംഡലിന്റെ ചെയർമാൻ. അദ്ദേഹം രേഖാമൂലമാണ് പ്രാദേശിക നേതാക്കളെ യോഗത്തിന് വിളിച്ചത്. ടെക്‌നോസിറ്റിയുടെ ഭൂമിയിലെ ഖനനമെന്ന ഏക അജണ്ട വച്ചാണ് കെംഡൽ അടുത്തിടെ രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിച്ചത്. അതിൽ മുഖ്യമന്ത്രിയുടെ വകുപ്പിലെ ഉദ്യോഗസ്ഥന്മാരും പങ്കെടുത്തിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷനായി. അടൂർ പ്രകാശ് എം.പി. പാലോട് രവി, എം.എ. വാഹിദ്, എം.എ. ലത്തീഫ്, എം. മുനീർ, കെ.എസ്. അജിത്ത് കുമാർ, വെമ്പായം മനോജ്, ഭുവനചന്ദ്രൻ നായർ, പൊടിമോൻ അഷറഫ്.എച്ച്,​ പി ഷാജി എന്നിവർ പങ്കെടുത്തു.