തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ പരീക്ഷണഘട്ടത്തിലൂടെ സമൂഹം കടന്നുപോകുമ്പോൾ പരിചരണവുമായി മുന്നിലുള്ള ഡോക്ടർമാർക്ക് ആത്മധൈര്യം പകരാനും അഭിവാദ്യമർപ്പിക്കാനുമായി തിരുവനന്തപുരം ഐ.എം.എ ശാഖയുടെ വനിതാവിഭാഗം. ഡോക്ടർമാരുടെ പ്രയത്നത്തിന് ബിഗ് സല്യൂട്ട് നൽകാൻ ഡോക്ടേഴ്സ് ദിനത്തിൽ നൃത്താഞ്ജലി ഒരുക്കിയിരിക്കുകയാണ് ഇവർ. 'കാക്കും കരങ്ങൾ തൊഴുനേരം ദീന ജന സഹജരേ ...... എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പം നഗരത്തിലെ 25 വനിതാ ഡോക്ടർമാർ ഉൾപ്പെടെ 'വിമ ' അംഗങ്ങളായ 30 പേരാണ് നൃത്തച്ചുവടുമായി രംഗത്തുള്ളത്. ആൻ ഓഡ് ടു ദ ഹീലേഴ്സ് എന്ന ഈ വീഡിയോ ആൽബം സിനിമാ നടൻ നന്ദു പ്രകാശനം ചെയ്‌തു. ശങ്കരി ജെ. ഉണ്ണിത്താനാണ് നൃത്തസംവിധാനം നിർവഹിച്ചിട്ടുള്ളത്. ദേവി മോഹൻ, ശങ്കരി ജെ. ഉണ്ണിത്താൻ എന്നിവരുടേതാണ് ആശയം. സിബി സുദർശന്റേതാണ് രചന. സംഗീതവും ആലാപനവും എൻ.ജെ. നന്ദിനി. ഓർക്കസ്‌ട്രേഷൻ: ചാരു ഹരിഹരൻ. ചിത്രസംയോജനവും സംവിധാനവും: എൻ.വി. അജിത്. കാമറ: സനൽ. പ്രകാശനം നടത്തിയ ഓൺലൈൻ സൂം മീറ്റിംഗിൽ വി.കെ. പ്രശാന്ത് എം.എൽ.എ, ഡി.സി.പി ഡോ. ദിവ്യ ഗോപിനാഥ്, ഐ.എം.എ മുൻ നാഷണൽ പ്രസിഡന്റ് ഡോ.എ. മാർത്താണ്ഡംപിള്ള, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുൽഫി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി, ഐ.എം.എ തിരുവനന്തപുരം ശാഖ പ്രസിഡന്റ് ഡോ. അനുപമ രാമചന്ദ്രൻ, സെക്രട്ടറി ഡോ. ശ്രീജിത്ത് സിനിമാതാരങ്ങളായ ബൈജു സന്തോഷ്, കൃഷ്ണൻകുമാർ, മഞ്ജു പിള്ള തുടങ്ങിയവർ പങ്കെടുത്തു.