കോവളം: കോവളത്ത് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ 52 പേരുടെ ഫലവും നെഗറ്റീവ്. ഇന്നലെ വൈകിട്ടോടെ ഫലം പുറത്തു വന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതിയ സ്ഥാപന ഉടമകളെയും തൊഴിലാളികളെയുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഓട്ടോയിൽ സിഗരറ്റ് കച്ചവടം നടത്തിയിരുന്ന രോഗബാധിതൻ കഴിഞ്ഞ മാസം 16ന് തിരുവല്ലം മുതൽ കോവളം വരെയുള്ള ഇരുപത്തിയേഴ് കടകളിൽ എത്തിയിരുന്നു. ഇതാണ് ആശങ്കയ്ക്കിടയാക്കിയത്. തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ കഴിഞ്ഞ ഞായറാഴ്ച കോവളത്ത് സംഘടിപ്പിച്ച ക്യാമ്പിൽ 52 പേരുടെ സ്രവം പരിശോധനയ്ക്കയക്കുകയും എല്ലാവരെയും ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രോഗബാധിതൻ വന്നു പോയ കടകളിൽ നിന്ന് നൂറോളം പേർ സാധനങ്ങൾ വാങ്ങിപ്പോയിരുന്നു. പരിശോധന ഫലം നെഗറ്റീവായതോടെ നാട്ടുകാരുടെയും അധികൃതരുടെയും ആശങ്കയ്ക്ക് അവസാനമായി. ക്വാറന്റൈൻ കാലാവധി കഴിയുന്നമുറക്ക് വ്യാപാരികൾക്ക് കടകൾ പൂർണമായി തുറക്കാമെന്നും അധികൃതർ അറിയിച്ചു.