spit

തിരുവനന്തപുരം: റോഡിൽ തുപ്പിയത് ചോദ്യം ചെയ്‌ത നഴ്സിനെയും സഹപ്രവർത്തകയെയും യുവതി അസഭ്യം പറഞ്ഞതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പൂജപ്പുര ജംഗ്ഷനിലായിരുന്നു സംഭവം. എയർപോർട്ടിൽ നിന്നു വെള്ളറടയിലേക്ക് വന്ന ടാക്‌സിയിൽ യാത്ര ചെയ്‌തിരുന്ന യുവതിയാണ് ഗ്ലാസ് താഴ്‌ത്തി റോഡിൽ നിരവധി തവണ തുപ്പിയത്.

ഇവർ പി.പി.ഇ കിറ്റടക്കം ധരിച്ചിരുന്നതായും നഴ്സ് വിദ്യ പറഞ്ഞു. ഹൈദരാബാദിൽ നിന്നു തിരുവനന്തപുരം എയർപോർട്ടിലെത്തിയ ഇവർ ഹോം ക്വാറന്റെെനിൽ കഴിയാൻ പോകുമ്പോഴായിരുന്നു സംഭവം. തുടർന്ന് കാറിന് പിന്നാലെയെത്തി ഇത്തരത്തിൽ ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതോടെ ഇവർ 'റോഡിലല്ലാതെ വേറെ എവിടെ തുപ്പുമെന്ന് 'ചോദിച്ച് തങ്ങളോട് കയർത്തു.

വീണ്ടും അപമര്യാദയായി സംസാരിച്ചെന്നും കാലടി സ്വദേശിനിയായ വിദ്യ സുരേന്ദ്രനും പൂജപ്പുര സ്വദേശിനിയായ അമിത ടിറ്റോയും പറഞ്ഞു. ഉത്തരവാദിത്വമില്ലാതെ പെരുമാറിയതാണ് തങ്ങൾ ചോദ്യം ചെയ്‌തതെന്നും സംഭവത്തിൽ പൂജപ്പുര സ്റ്റേഷനിൽ പരാതി നൽകിയെന്നും പൂജപ്പുരയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരായ യുവതികൾ പറഞ്ഞു.