തിരുവനന്തപുരം: രോഗബാധിതരുടെ എണ്ണം കൂടുന്നതിനാൽ കൊവിഡിന്റെ സമൂഹവ്യാപന ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ ശ്രദ്ധയും ജാഗ്രതയും വേണം. പ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റ് രോഗങ്ങളുള്ളവർക്കും പ്രത്യേക ശ്രദ്ധ നൽകും. ഫീൽഡുതല നിരീക്ഷണവും റിപ്പോർട്ടിംഗും കൂടുതൽ ഫലപ്രദമാക്കും. മാസ്‌ക് ധരിക്കാത്ത 5373 സംഭവങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറൻറൈൻ ലംഘിച്ച 15 പേർക്കെതിരേയും കേസെടുത്തു. തീവണ്ടികളിൽ വരുന്നവർ ക്വാറന്റൈൻ ഒഴിവാക്കരുത്. പൊതുഓഫീസുകൾ അണുവിമുക്തമാക്കാൻ കുടുംബശ്രീയെ ഉപയോഗിക്കും. ടെലിമെഡിസിൻ പ്രാദേശിക തലത്തിൽ വ്യാപിപ്പിക്കും. കൊവിഡ് ചികിത്സ സ്വകാര്യ ആശുപത്രികളിലും നടത്തും. ജോലിക്ക് പോകാത്ത അദ്ധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാകുന്നുണ്ടെന്ന് ജില്ലാകളക്ടർമാർ ഉറപ്പുവരുത്തണം. ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള പൊന്നാനിയിൽ പച്ചക്കറിക്കടകൾ ഉൾപ്പെടെ അഞ്ച് കടകൾക്ക് വീതം മാത്രമാണ് പ്രവർത്തിക്കാൻ അനുവാദമുള്ളത്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശം അനുസരിക്കാതെ രോഗികളെ ഡിസ്ചാർജ് ചെയ്തതിന് പൊന്നാനി താലൂക്കിലെ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തു.
ഇതുവരെ വന്നത് 870 വിമാനങ്ങൾ
സംസ്ഥാനത്ത് മേയ് 7 മുതൽ ജൂൺ 30 വരെ 870 വിമാനങ്ങളും 3 കപ്പലുകളും എത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ വിമാനങ്ങൾ വന്നത് യു.എ.ഇയിൽ നിന്നാണ്. ആകെ വന്ന 1,43,147 പേരിൽ 52 ശതമാനവും (74,849) തൊഴിൽ നഷ്ടപ്പെട്ടവരാണ്. കൂടുതൽ വിമാനങ്ങൾക്കായി അനുമതിപത്രം ലഭിക്കുന്നുണ്ടെന്നും ആർക്കും അനുമതി നിഷേധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.