തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ പുനരധിവാസവും സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരിച്ചുവരുന്ന വലിയ വിഭാഗം പ്രൊഫഷണലുകളുടെ കഴിവും ഉപയോഗിക്കുനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് നിർദേശങ്ങളും ആശയങ്ങളും സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഹാക്കത്തോൺ നടത്തും.
ഓരോ ആശയവും നടപ്പാക്കുന്നതിന് യുവ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരടങ്ങുന്ന സമിതിക്കു രൂപം നൽകും. ആശയങ്ങൾ സമർപ്പിക്കാൻ ഒരു മാസത്തെ സമയമുണ്ടാകും. . തിരഞ്ഞെടുക്കപ്പെട്ട ആശയങ്ങളിൽ വകുപ്പുകൾ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കും.ഇതിനായി രൂപീകരിക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ മുഖ്യമന്ത്രി ചെയർമാനും,. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ അംഗങ്ങളുമായിരിക്കും.
പദ്ധതി നടത്തിപ്പിന് ഡോ. കെ.എം. എബ്രഹാം ചെയർമാനായി വിദഗ്ധ സമിതി രൂപീകരിക്കും. മുരളി തുമ്മാരുകുടി, ഡോ. സജി ഗോപിനാഥ്, എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ് സഹസ്ഥാപകൻ), സി. ബാലഗോപാൽ (ടെറുമോ പെൻപോൾ സ്ഥാപകൻ), സാജൻ പിള്ള, ബൈജു രവീന്ദ്രൻ, അബ്ദുൾ റസാഖ് (വികെസി ഗ്രൂപ്പ്) എന്നിവർ അംഗങ്ങളാണ്.
നടത്തിപ്പിന് സമയക്രമം:
* ഡ്രീം കേരള കാമ്പയിൻ, ഐഡിയത്തോൺ - ഈ മാസം 15 മുതൽ 30 വരെ.
* സെക്ടറൽ ഹാക്കത്തോൺ -ആഗസ്റ്റ് 1 മുതൽ 10 വരെ.
*തിരഞ്ഞെടുക്കപ്പെട്ട പദ്ധതികൾ
വെർച്വൽ അസംബ്ലിയിൽ -ആഗസ്റ്റ് 14.
.
പ്രവാസികളുടെ സംഭാവന:
2018ലെ സർവെ പ്രകാരം ഒരു വർഷം പ്രവാസികൾ നാട്ടിലേക്ക് അയക്കുന്നത് 85,000 കോടി. ഇപ്പോഴത് ഒരു ലക്ഷം കോടിയിൽ അധികമായിരിക്കും. 2018ലെ കണക്ക് പ്രകാരം കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 1,69,944 കോടി.