തിരുവനന്തപുരം: നഗരത്തിലെ പ്രധാന മത്സ്യ വില്പനകേന്ദ്രമായ കുമരിച്ചന്തയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്ന പൂന്തുറ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാന നഗരം രോഗവ്യാപന ഭീഷണിയുടെ മുൾമുനയിൽ. നിത്യേന നൂറുകണക്കിനു പേർ മത്സ്യം വാങ്ങാനെത്തുന്ന ചന്തയിലെ കച്ചവടക്കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ കച്ചവടക്കാരും മത്സ്യം വാങ്ങാനെത്തിയവരും ആശങ്കയിലാണ്. കന്യാകുമാരിയിൽ നിന്നു തിരുവനന്തപുരത്തേക്ക് ദിവസേന മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്ന പൂന്തുറ സ്വദേശി പനിയെതുടർന്ന് ജൂൺ 29ന് ആശുപത്രിയിൽ അഡ്മിറ്റാകുകയായിരുന്നു. അന്നുതന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. തുടർന്ന് ഇന്നലെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗവ്യാപന ഭീഷണി സംശയിക്കപ്പെട്ടതോടെ കുമരിച്ചന്ത മാർക്കറ്റ് ഇന്നലെ അടച്ചു.
ലോക്ക് ഡൗൺ നിയന്ത്രണം ലഘൂകരിച്ചതോടെ നഗരത്തിൽ ഉറവിടമില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നത് ആശങ്ക ഉളവാക്കുന്നതിനിടെയാണ് വീണ്ടും സമ്പർക്ക സാദ്ധ്യതയുള്ളയാളിന് രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് സാമൂഹ്യവ്യാപനത്തിന്റെ ലക്ഷണം വ്യക്തമാകുന്നതായുള്ള മുന്നറിയിപ്പിനിടെയാണ് ഈ സംഭവം. ഇയാളുമായി ബന്ധപ്പെട്ടവരുടെ എണ്ണം കൂടാൻ സാദ്ധ്യതയുള്ളതായാണ് ആരോഗ്യവകുപ്പ് അധികൃതർ സംശയിക്കുന്നത്. ഇയാൾ നീണ്ടകരയിലും മത്സ്യവില്പനയ്ക്കായി പോകാറുണ്ട്. ഇയാളുമായി സമ്പർക്കത്തിലുള്ളവരുടെ എണ്ണം ആശങ്കയുണ്ടാക്കുന്നതാണ്.
നേരത്തെ മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ആട്ടോ ഡ്രൈവർ,പാപ്പനംകോട് ഡിപ്പോയിലെ ബസ് ഡ്രൈവർ, മണക്കാട്ടെ മൊബൈൽ ഷോപ്പ് ഉടമ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചത് ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. ഇവരെല്ലാം നിരവധി പേരുമായി ബന്ധപ്പെട്ടിരുന്നു എന്നതാണ് ആശങ്കയ്‌ക്ക് കാരണമായത്. ഇന്നലെ രോഗം സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും എത്രപേർക്ക് രോഗം പകർന്നുകാണും എന്നതിനെക്കുറിച്ചും ധാരണയില്ല. ഇദ്ദേഹം നിരവധി പേരുമായി ഇടപെട്ടിട്ടുണ്ട്. സമ്പർക്കപ്പട്ടിക കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തൽ. ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ച നാലിൽ മൂന്നുപേർക്കും രോഗം ബാധിച്ചതെങ്ങനെയെന്നതിനെക്കുറിച്ച് വ്യക്തതയില്ല. പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ്, നാലാഞ്ചിറ സ്വദേശി ഫാദർ വർഗീസ്, വഞ്ചിയൂർ സ്വദേശി രമേശൻ, നെട്ടയം സ്വദേശി തങ്കപ്പൻ എന്നിവരാണ് രോഗം ബാധിച്ച് മരണമടഞ്ഞവർ.