തിരുവനന്തപുരം: ചിറയിൻകീഴിൽ കൊവിഡ് പേടിയിൽ ഗർഭിണിയായ പ്രവാസിയെ നാട്ടുകാരും , വലിയതുറയിൽ അച്ഛനെയും മക്കളെയും വീട്ടുടമയും ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് ഇറക്കിവിട്ട സംഭവങ്ങളിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

വലിയതുറയിലെ വാടക വീട്ടിൽ നിന്ന് കൊല്ലം സ്വദേശിയായ അച്ഛനെയും മക്കളെയും വീട്ടുടമ ഇറക്കിവിട്ടതിനെ കുറിച്ച് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കണം. ഫോർട്ട് സ്‌കൂളിൽ അഭയം തേടിയ ഇവരെ പിന്നീട് സാമൂഹിക നീതി വകുപ്പ് ഏറ്റെടുത്തു.

ഗൾഫിൽ നിന്ന് വീട്ടിലെത്തി ക്വാറന്റെെനിൽ കഴിഞ്ഞിരുന്ന ചിറയിൻകീഴ് ആനത്തലവട്ടം സ്വദേശിനിയും എട്ട് മാസം ഗർഭിണിയുമായ ആശ വീട്ടിൽ നിന്നു മാറി താമസിക്കണമെന്ന് നാട്ടുകാർ ഭീഷണി മുഴക്കിയ സംഭവം തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റേതാണ് ഉത്തരവ്. രണ്ട് റിപ്പോർട്ടുകളും ഉടൻ സമർപ്പിക്കണം. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതികളിലാണ് നടപടി.