ശ്രീകാര്യം: ഗവ. എൻജിനിയറിംഗ് കോളേജ് വളപ്പിൽ നിന്നു വീണ്ടും ചന്ദന മരങ്ങൾ മോഷണം പോയി. ഇത്തവണ ലക്ഷങ്ങൾ വിലവരുന്ന മൂന്ന് മരങ്ങളാണ് മുറിച്ചു കടത്തിയത്. കോളേജിലെ സിവിൽ ഡിപ്പാർട്ട്മെന്റിന് സമീപത്തു നിന്ന് മുറിച്ചുകടത്തിയ ചന്ദനമരത്തിന്റെ ചില്ലകൾ പരിസരത്തുനിന്നു കണ്ടെത്തി. സംഭവത്തെക്കുറിച്ച് കോളേജ് അധികൃതർ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 22നും സമാനമായ രീതിയിൽ കാലപ്പഴക്കം ചെന്ന ചന്ദനമരങ്ങൾ മുറിച്ചുകടത്തിയിരുന്നു. പലപ്പോഴും മോഷണം നടന്ന് ദിവസങ്ങൾ കഴിഞ്ഞാണ് കോളേജ് അധികൃതർ വിവരമറിയുന്നത്. ഏഴു സുരക്ഷാ ജീവനക്കാരുടെ നേതൃത്വത്തിൽ 24 മണിക്കൂറും സുരക്ഷയൊരുക്കുന്ന കോളേജിൽ ഇത് ആറാം തവണയാണ് ചന്ദനമരങ്ങൾ നഷ്ടപ്പെടുന്നത്. നേരത്തെ ഇവിടെ നിന്നും ചന്ദനമരം കടത്തിയ സംഭവത്തിൽ ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. ഈ സംഭവങ്ങളിൽ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. കുറച്ചുനാൾ മുമ്പ് കോളേജിന് തൊട്ടടു്ത്തുള്ള ആകാശവാണി പരിസരത്തുനിന്നും ചന്ദനമരങ്ങൾ മോഷണം പോയിരുന്നു. രണ്ട് സർക്കാർ സ്ഥാപനങ്ങളുടെ പുരയിടത്തിൽ എത്ര ചന്ദനമരങ്ങൾ ഉണ്ടെന്നുള്ള വിവരം പോലും ബന്ധപ്പെട്ട സ്ഥാപനത്തിനോ വനംവകുപ്പിനോ അറിയില്ല. കഴക്കൂട്ടം കേന്ദ്രീകരിച്ച് ചന്ദനമരങ്ങൾ മുറിച്ചുകടത്തുന്ന സംഘങ്ങൾ സജീവമായിട്ടും അന്വേഷണം ഫലപ്രദമാകുന്നില്ലെന്നാണ് പരാതി. മോഷണം പോകുന്ന അവസരങ്ങളിൽ കോളേജ് അധികൃതർ പരാതി നൽകാറുണ്ടെങ്കിലും ഇതുസംബന്ധിച്ച് വനംവകുപ്പിന്റെ പരിശോധനാ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ നടപടിയെടുക്കാൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്.