'കഷ്ടം എനിക്കൊന്നും പറയാനാവുന്നില്ല" കഴിഞ്ഞദിവസം ബാഴ്സലോണയ്ക്കെതിരായ സ്പാനിഷ് ലാലിഗ മത്സരത്തിൽ തങ്ങൾക്കെതിരെ വെറും അഞ്ചേ അഞ്ച് മിനിട്ടുമാത്രം പകരക്കാരന്റെ വേഷത്തിൽ കളിക്കാനിറങ്ങിയ ആന്റോയിൻ ഗ്രീസ്മാനെക്കുറിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമയോണി പറഞ്ഞ വാക്കുകളാണിത്.
തങ്ങൾ പൊന്നുപോലെ കൊണ്ടുനടന്ന ഗ്രീസ്മാന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സിമയോണിക്ക് ഇതല്ലാതെ എന്തുപറയാനാകും? . ഗ്രീസ്മാന്റെ ചിറകിൽ സിമയോണി അത്‌ലറ്റിക്കോ മാഡ്രിഡിനെ എത്രയോ വിജയാകാശങ്ങളിലേക്ക് പറത്തിവിട്ടതാണ്. പുതിയ മേച്ചിൽപ്പുറം തേടി വലിയ ക്ളബ് ബാഴ്സലോണയിലേക്ക് ചേക്കേറിയ തങ്ങളുടെ സ്വർണക്കിടാവിനെ പുല്ലും വെള്ളവും പോലും കൊടുക്കാതെ മൂലയ്ക്ക് കെട്ടിയിരിക്കുന്നതുകാണുമ്പോഴുള്ള സങ്കടമാണ് സിമയോണിയുടെ വാക്കുകളിൽ നിഴലിച്ചത്.
ഇൗ സീസണിന്റെ തുടക്കത്തിലാണ് വമ്പൻ വില നൽകി ഗ്രീസ്മാനെ ബാഴ്സലോണ സ്വന്തമാക്കിയത്. ലയണൽ മെസിയും ലൂയിസ് സുവാരേസും അൻസു ഭട്ടിയും വിദാലും റാക്കിറ്റിച്ചും ബുസ്ക്വെറ്റ്സുമൊക്കെ അരങ്ങുവാഴുന്ന ബാഴ്സ നിരയിൽ പിടിച്ചുനിൽക്കാൻ ഗ്രീസ്മാന് ബുദ്ധിമുട്ടാകുമെന്ന് ഫുട്ബാൾ നിരൂപകർ അന്നേ വിലയിരുത്തിയതാണ് ഇൗ സീസണിൽ 32 മത്സരങ്ങളിൽ ഇൗ ഫ്രഞ്ച് താരത്തെ ബാഴ്സലോണ കളിക്കാനിറക്കി എന്നാൽ നേടാനായത് എട്ടുഗോളുകൾ മാത്രം. 2014 മുതൽ 2019 വരെയുള്ള അഞ്ചുവർഷക്കാലം അത്‌ലറ്റിക്കോ മാഡ്രിഡിൽ നിറഞ്ഞുനിന്ന് 180 മത്സരങ്ങളിൽനിന്ന് 94 ഗോളുകൾ അടിച്ചുകൂട്ടിയ ഒരു താരത്തിനാണ് ഇൗ സ്ഥിതിയെന്ന് ഒാർക്കണം.
ലോക്ക് ഡൗണിന് ശേഷം ഫസ്റ്റ് ഇലവനിൽ ഗ്രീസ്മാനെ ഉൾപ്പെടുത്താൻ ബാഴ്സലോണ കോച്ച് സെറ്റിയന് താത്പര്യം തോന്നിയിട്ടില്ല. സെവിയ്യയ്ക്കും അത്‌ലറ്റിക്ക് ക്ളബിനും എതിരായ മത്സരങ്ങളിൽ പകരക്കാരനായാണ് ഇൗ 29 കാരൻ ഇറങ്ങിയത്. ലോക്ക് ഡൗണിന് മുമ്പ് നടന്ന നാപ്പോളിക്കെതിരായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന് ശേഷം ഗ്രീസ്മാൻ ഇതുവരെ ഗോളടിച്ചിട്ടുമില്ല. ഗ്രീസ്മാനെ ഫസ്റ്റ് ഇലവനിൽ ഉൾപ്പെടുത്തുന്നത് ടീമിന്റെ ബാലൻസ് തെറ്റിക്കുമെന്നാണ് സെറ്റിയൻ പറയുന്നത്. എന്നാൽ ലോക്ക് ഡൗൺ കഴിഞ്ഞശേഷം മൂന്ന് മത്സരങ്ങളിൽ സമനില വഴങ്ങി കിരീട സാധ്യത തല്ലിക്കെടുത്തിയിരിക്കുന്ന സെറ്റിയൻ തങ്ങളുടെ പ്രിയതാരത്തെ മറന്നതിന് നീതീകരണമില്ലെന്നാണ് ഗ്രീസ്മാന്റെ കടുത്ത ആരാധകരുടെ വാദം.
സിമയോണിയുടെ കീഴിൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ കളിച്ച അഞ്ചുകൊല്ലം ഗ്രീസ്മാന്റെ സുവർണകാലമായിരുന്നു. വമ്പൻ താരനിരയില്ലാത്ത അത്‌ലറ്റിക്കോയിലെ സൂപ്പർ താരമായിരുന്നു ഗ്രീസ്മാൻ. ഡീഗോ ഗോഡിനും സൗളും കോകെയും ഏൻജൽ കോറിയയും ഗ്രീസ്മാനും ഒക്കെ ചേർന്ന് അത്‌ലറ്റിക്കോയ്ക്ക് വേണ്ടി സ്പാനിഷ് ലാലിഗയിലും യുവേഫ ചാമ്പ്യൻസ് ലീഗിലുമൊക്കെ അത്ഭുതങ്ങൾ സൃഷ്ടിച്ചു. അത്‌ലറ്റിക്കോയിൽ ഗ്രീസ്മാന് ലഭിച്ച പരിഗണനയുടെ നാലിലൊന്നുപോലും ബാഴ്സലോണയിൽ ലഭിച്ചില്ല.
അത്‌ലറ്റിക്കോ നൽകിയ ആത്മവിശ്വാസമാണ് 2018 ലോകകപ്പിൽ ഫ്രാൻസിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഗ്രീസ്മാന് കരുത്തേകിയത്. റഷ്യയിൽ ഫ്രഞ്ച് പടയോട്ടത്തിന് ചുക്കാൻ പിടിച്ചത് ഗ്രീസ്മാനായിരുന്നു. ലോകകപ്പിന് ശേഷമാണ് ബാഴ്സലോണ ഗ്രീസ്മാനെ നോട്ടമിട്ടത്. വലിയ വിലകൊടുത്ത് ഗ്രീസ്മാനെ അത്‌ലറ്റിക്കോയിൽ നിന്ന് സ്വന്തമാക്കിയപ്പോൾ ബാഴ്സലോണയ്ക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. തങ്ങൾക്ക് ഭീഷണിയായി ഉയർന്നുവരുന്ന അത്‌ലറ്റിക്കോയുടെ വീര്യം ചോർത്തുക. അതിനായാണ് തനിക്കായി വെടക്കാക്കുന്ന തന്ത്രം ബാഴ്സ പയറ്റിയതെന്ന് ചില ആരാധകർ മുറുമുറുക്കുന്നുണ്ട്.
2019 ജൂലായ് 12 നാണ് അഞ്ച് വർഷത്തെ കരാറിൽ ഗ്രീസ്മാൻ ബാഴ്സയിലെത്തുന്നത്. ഗ്രീസ്മാനെ കൈവിടാൻ അത്‌ലറ്റിക്കോയ്ക്ക് അശേഷം താത്പര്യമുണ്ടായിരുന്നില്ലെങ്കിലും ബാഴ്സയിലേക്ക് പോകണമെന്നുള്ള താരത്തിന്റെ താത്പര്യത്തിന് മുന്നിൽ മറ്റുവഴികളില്ലായിരുന്നു. ഗ്രീസ്മാനുമായുള്ള ബാഴ്സയുടെ കരാറിനെതിരെ ഫിഫയ്ക്ക് പരാതി നൽകാൻ അത്‌ലറ്റിക്കോ തുനിഞ്ഞെങ്കിലും മുന്നോട്ടുപോയില്ല. ജൂലായ് 14നാണ് ഗ്രീസ്മാൻ ബാഴ്സലോണയുടെ ജഴ്സിയിൽ അവതരിപ്പിക്കപ്പെട്ടത്. അന്നുതന്നെ അത്‌ലറ്റിക്കോയുടെ ഹോംഗ്രൗണ്ടിന് മുന്നിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രതിമയുടെ മുഖം ആരാധകർ തകർക്കുകയും ചെയ്തിരുന്നു.
വലിയ ആഗ്രഹത്തോടെ ബാഴ്സലോണയുടെ കൂടാരത്തിലേക്ക് ചെന്ന ഗ്രീസ്മാന് കിട്ടിയ സ്വീക്രണം അത്ര മെച്ചമായിരുന്നില്ല. ഇഷ്ട ജഴ്സി നമ്പരായ 7 ആദ്യമേ നിഷേധിക്കപ്പെട്ടു. 17-ാം നമ്പർ കുപ്പായമാണ് നൽകിയത്. ബാഴ്സയ്ക്ക് വേണ്ടി കളിക്കാനിറങ്ങിയ ആദ്യമത്സരത്തിൽ ടീം തോൽക്കുന്നത് ഗ്രീസ്മാന് കാണേണ്ടിവന്നു. പിന്നീട് കാംപ് നൗവിൽ റയൽ ബെറ്റിസിനെതിരെ ഇരട്ട ഗോളടിച്ചുമിന്നി. ചാമ്പ്യൻസ് ലീഗിലും സൂപ്പർ കോപ്പയിലും കിംഗ്സ് കപ്പിലും ഗോളടിച്ച ഗ്രീസ്മാൻ ആദ്യ സീസണിൽ തന്നെ എല്ലാ പ്രധാന ടൂർണമെന്റുകളിലും ബാഴ്സയ്ക്ക് വേണ്ടി ഗോൾ നേടുന്ന ആദ്യതാരവുമായി . 2015 നുശേഷം മെസിയല്ലാതെ ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് വേണ്ടി എവേ ഗോൾ നേടിയ ഏക താരവും ഇൗ ഫ്രഞ്ചുകാരനാണ്. പക്ഷേ അതിന് തക്കപരിഗണന ബാഴ്സയിൽ നിന്ന് ലഭിച്ചതേയില്ല.
സൂപ്പർ താരം ലയണൽ മെസിയുടെ പിന്തുണ ഗ്രീസ്മാന് ഇല്ലാത്തതാണ് പ്രശ്നമെന്ന് വിലയിരുത്തുന്നവരുണ്ട്. അത് ഏറെക്കുറെ ശരിയാണുതാനും. ഗ്രീസ്മാന് പാസുനൽകുന്നതിൽ മെസി താത്പര്യം കാട്ടാറില്ല. ഡ്രെസിംഗ് റൂമിനുള്ളിലും ഇവർ തമ്മിൽ ഇഴയടുപ്പമില്ലെന്ന സൂചനകളാണുള്ളത്.
ബാഴ്സയിൽ ഗ്രീസ്മാന്റെ ഭാവി എന്താകും എന്നതിൽ ആശങ്കയേറ്റുന്ന മറ്റൊരുകാര്യം കൂടിയുണ്ട്. ഇപ്പോൾ പാരീസ് എസ്.ജിയിൽ കളിക്കുന്ന തങ്ങളുടെ മുൻതാരം നെയ്‌മറെ തിരിച്ചുകൊണ്ടുവരാൻ ബാഴ്സലോണ ശ്രമം തുടങ്ങിയിട്ടുണ്ട്. മെസിയാണ് നെയ്മർ ഒപ്പം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നത്. നെയ്മർ കൂടി വന്നുകഴിഞ്ഞാൽ ഗ്രീസ്മാന് ബെഞ്ചിലെങ്കിലും സ്ഥാനമുണ്ടാകുമോ എന്ന് കണ്ടറിയണം.