arrest-praveen-27

ആളൂർ: മാരകായുധങ്ങളുമായി കവർച്ചയ്ക്കിറങ്ങിയ സംഘത്തിലെ ഒരാൾ ആളൂർ പൊലീസിന്റെ പിടിയിൽ. പുല്ലൂർ സ്വദേശി തുമ്പരത്തി പ്രവീൺ (27) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി പട്രോളിംഗിനിടെ കല്ലേറ്റുംകര മാനാട്ടുകുന്ന് ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലായത്. സംശയാസ്പദ സാഹചര്യത്തിൽ കണ്ട സ്‌കൂട്ടർ കൈ കാണിച്ചിട്ടും നിറുത്താതെ പോയതോടെ പൊലീസ് പിന്തുടർന്നു. പ്രതികൾ സ്‌കൂട്ടറിൽ രക്ഷപ്പെടുന്നതിനിടെ പെട്രോൾ തീർന്ന് ഓഫായി. പിന്നാലെയെത്തിയ പൊലീസ് സ്‌കൂട്ടറിനടുത്ത് എത്തുംമുമ്പെ പിറകിൽ യാത്രചെയ്തിരുന്ന രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. പ്രതികൾ സഞ്ചരിച്ച വണ്ടിയിൽ നിന്നും വടിവാളും മുളകുപൊടിയും കണ്ടെത്തി. എസ്.ഐ: ടി.എ. സത്യൻ, അഡീഷണൽ എസ്.ഐമാരായ കെ.കെ. രഘു, രവി, എ.എസ്.ഐമാരായ ദാസൻ, ഷാജൻ, പൊലീസുകാരായ വിനു, ശ്രീജിത്ത്, വിനോദ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം കോടതിയിൽ ഹാജരാക്കി. മറ്റ് രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.