കൊല്ലം: വാളത്തുംഗലിലെ വീട്ടുവളപ്പിൽ നിന്ന് ചന്ദനമരം മുറിച്ചുകടത്തിയ പ്രതികളെ ഇരവിപുരം പൊലീസ് പിടികൂടി. മയ്യനാട് പുല്ലിച്ചിറ കോവൂർ ചിറയിൽ സന്തോഷ് ഭവനിൽ സുരേഷ്(40), പാലക്കാട് ചെർപ്പുളശ്ശേരി നല്ലോലം രാജമംഗലം പാലക്കുറിശി വീട്ടിൽ നിന്ന് മയ്യനാട് തെക്കുംകര പുല്ലിച്ചിറ കാട്ടുവിളയിൽ സുധാ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന അബ്ദുൾ ജലീൽ(54), മയ്യനാട് ഉമയനല്ലൂർ കൊന്നേമുക്കിന് സമീപം കാട്ടുവിള കിഴക്കതിൽ ഇല്യാസ് (49) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
വാളത്തുംഗലിലെ വീട്ടിൽ കിണർ വൃത്തിയാക്കാൻ എത്തിയവരാണ് പ്രതികൾ. ജോലിക്കിടെ വീട്ടുവളപ്പിൽ നിന്ന ചന്ദനമരം കണ്ട് വില ചോദിച്ചെങ്കിലും വിൽക്കുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. ഇതേതുടർന്ന് ആസൂത്രണം നടത്തി മരം മുറിച്ചുകടത്തുകയായിരുന്നു. ഏകദേശം ഒരു ലക്ഷം രൂപയോളം വില വരുന്നതാണ് മരം.
വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടുകയായിരുന്നു. കൊന്നേമുക്ക് കോവൂർ ചിറയിലെ ഒഴിഞ്ഞ പുരയിടത്തിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചിരുന്ന മരക്കഷണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന ചന്ദന മോഷണങ്ങളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.
ഇരവിപുരം സി.ഐ കെ. വിനോദ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആർ. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.