study

 പത്താംക്ളാസ് ജയിച്ചവർക്ക് സീറ്റുകൾ സുലഭം

കൊല്ലം: ജില്ലയിൽ പത്താംക്ളാസ് പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർ തുടർ പഠനത്തിന് നെട്ടോട്ടമോടേണ്ട. ഹയർ സെക്കൻഡറി,​ വൊക്കേഷണൽ ഹയർ സെക്കൻഡറി,​ പോളി ടെക്നിക് മേഖലകളിലായി വിവിധ കോഴ്സുകളിൽ പത്താംതരം പാസായ എല്ലാവർക്കും പ്രവേശനം ഉറപ്പിക്കാം. ജില്ലയിൽ 29,​926 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 534 ഹയർ സെക്കൻഡറി സ്കൂളുകളിലായി 26,622 പ്ളസ് വൺ സീറ്റുകളുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയായ വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ജില്ലയിൽ 3,875 കുട്ടികൾക്കും സാങ്കേതിക വിദ്യാഭ്യാസ മേഖലയിലുൾപ്പെടുന്ന ജില്ലയിലെ നാല് പോളിടെക്നിക്കുകളിലായി 700 കുട്ടികൾക്കും പഠന സൗകര്യമുണ്ട്. ഈ മേഖലയിലെല്ലാം കൂടി 31,000ത്തിന് മുകളിൽ സീറ്റുകളിൽ പ്രവേശനം നടക്കുമെന്നിരിക്കെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടാതിരുന്ന 279 പേർ സേ പരീക്ഷയിലൂടെ യോഗ്യതനേടി വന്നാലും പിന്നെയും സീറ്റുകൾ മിച്ചമാണ്. ഐ.ടി.ഐ പോലുള്ള സാങ്കേതിക തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് താൽപ്പര്യമുള്ള കുട്ടികൾ തിരിഞ്ഞാൽ പ്ളസ് വൺ, വി.എച്ച്.എസ്.സി മേഖലകളിൽ കൂടുതൽ സീറ്റുകൾ ഒഴിവുവരും. കൊവിഡ് പശ്ചാത്തലത്തിൽ ക്ളാസുകൾ ആരംഭിക്കാൻ വൈകുമെന്നിരിക്കെ പ്രവേശന നടപടികൾ എന്നാരംഭിക്കുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. എസ്.എസ്.എൽ.സി സേ പരീക്ഷയുടെ കൂടി ഫലം വന്നശേഷമേ പ്ളസ് വൺ, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന നടപടികൾ ആരംഭിക്കാനിടയുള്ളൂ.

മുൻവർഷത്തേക്കാൾ കുട്ടികൾ കുറവ്

പരീക്ഷയെഴുതിയതിലും യോഗ്യത നേടിയവരിലും മുൻവർഷത്തേക്കാൾ ആയിരത്തിലധികം കുട്ടികളുടെ കുറവാണ് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിലും വിജയത്തിലുമുണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1,421 കുട്ടികളുടെ കുറവ് പരീക്ഷയെഴുതിവരുടെ കണക്കിലുണ്ടായപ്പോൾ വിജയികളുടെ പട്ടികയിൽ 1,181 കുട്ടികളാണ് മുൻവർഷത്തേക്കാൾ കുറഞ്ഞത്.

എസ്.എസ്.എൽ.സി 2020

വിജയം: 99.08 %

എഴുതിയവർ: 30,205

ഉപരിപഠന യോഗ്യത നേടിയത്: 29,926

പരാജയപ്പെട്ടത്: 279

ഫുൾ എ പ്ളസ്: 4,279

കോഴ്സുകൾ (ഗവൺമെന്റ്, എയ്‌‌‌‌‌ഡഡ്, അൺ എയ്ഡഡ് ബാച്ചുകൾ)

പ്ളസ് വൺ സയൻസ്- 106, 142, 55

ഹ്യുമാനിറ്റീസ്- 40, 47, 7

കൊമേഴ്സ്- 59, 63, 15

ആകെ പ്ളസ് വൺ സീറ്റുകൾ: 26,622

വി.എച്ച്.എസ്.സി സീറ്റുകൾ: 3,875

വിവിധ കോഴ്സുകൾ: 155

കൊട്ടിയം എസ്.എൻ പോളിടെക്നിക്: 240 സീറ്റ്

ഗവ. പോളിടെക്നിക് പുനലൂർ: 180സീറ്റ്

ഗവ. പോളിടെക്നിക് എഴുകോൺ: 180സീറ്റ്