dharna-

തിരുവനന്തപുരം: ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സ്വതന്ത്രമായി നിലനിറുത്തണമെന്നും പരമ്പരാഗത തൊഴിൽമേഖലകളെ തകർക്കരുതെന്നും ആവശ്യപ്പെട്ട് പി.എം.ജിയിലെ തൊഴിൽ ഭവന് മുന്നിൽ ആഭരണ നിർമ്മാണ തൊഴിലാളികൾ 'പൊന്നുരുക്കി സമരം' നടത്തി. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.ശരത്‌ചന്ദ്ര പ്രസാദ് പൊന്നുരക്കി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ അഡ്വ.സുമേഷ് അച്യുതൻ അദ്ധ്യക്ഷനായി.

പരമ്പരാഗത തൊഴിൽ മേഖലകളെ തകർക്കുകയെന്ന സർക്കാരുകളുടെ ലക്ഷ്യത്തിന്റെ അവസാനത്തെ ഉദാഹരണമാണ് ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സമാനസ്വഭാവമില്ലാത്ത ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധിയിൽ ലയിപ്പിക്കുന്നതെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ഉമ്മൻചാണ്ടിയുടെ ജന്മനക്ഷത്രമായ അനിഴം നാളിൽ അദ്ദേഹത്തിനായി ആഭരണ നിർമ്മാണ തൊഴിലാളി ജില്ലാപ്രസിഡന്റ് കരമന ബാലകൃഷ്‌ണൻ നിർമ്മിച്ച വെള്ളി മോതിരം ശരത്ചന്ദ്ര പ്രസാദിന് കൈമാറി.

കെ.പി.സി.സി.ഒ .ബി.സി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സതിഷ് വിമലൻ,​ എൻ.രാജേന്ദ്ര ബാബു, രാജേഷ് സഹദേവൻ, ആർ.അജിരാജകുമാർ , ജില്ലാ ചെയർമാൻ ഷാജി ദാസ്, ഷേണജി, ജവഹർ ബാലവേദി സംസ്ഥാന ചെയർമാൻ ജി.വി ഹരി. തുടങ്ങിയവർ പങ്കെടുത്തു.