നെയ്യാറ്റിൻകര: മാലിന്യ സംസ്കരണത്തിനും മലിനജല നിർമ്മാർജ്ജനത്തിനും സംവിധാനമില്ലാതെ നഗരം ചീഞ്ഞു നാറുന്നു. റോഡരികിലെ ഓടകളിലൂടെ എത്തുന്ന ജലം ഒഴുകിപ്പോകാൻ കഴിയാത്ത വിധം കെട്ടിക്കിടന്ന് റോഡിലേക്ക് ഒഴുകിയെത്തുകയാണ്. ആശുപത്രി ജംഗ്ഷനിൽ നിന്നും മലിനജലം നിറഞ്ഞ ഓട കഴിഞ്ഞ ദിവസം ആലുമ്മൂട് ജംഗ്ഷനിൽ പൊട്ടിയതിനാൽ ജംഗ്ഷനിൽ മലിന ജലം നിറഞ്ഞിരിക്കുകയാണ്. റോഡിൽ കെട്ടിക്കിടക്കുന്ന മലിന ജലം നാട്ടുകാർക്ക് ആരോഗ്യഭീഷണി ഉയർത്തുന്നുണ്ട്. ഈ ജലത്തിൽ വാഹനങ്ങൾ കയറിയിറങ്ങി മാലിന്യം ചീറ്റിത്തെറിക്കുന്നത് കാരണം വഴിയാത്ര പോലും ദുഷ്കരമായി മാറിയിരിക്കുകയാണ്. നെയ്യാറ്റിൻകര ട്രാൻസ്പോർട്ട് ഡിപ്പോയിലുൾപ്പെടെയുള്ള മലിന ജലം ഓട വഴി ഒഴുകിയെത്തുന്ന ആലുമ്മൂട്ടിലെ ഈഴക്കുളം നവീകരിച്ചിട്ട് കാലമേറെയായി. ഇവിടെ മലിനജലം ശുദ്ധീകരിച്ച് കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന പ്ളാന്റ് നിർമ്മിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ഇതേ വരെ പരിഗണിച്ചിട്ടില്ല.
ആരോഗ്യ കേന്ദ്രത്തിലും സ്ഥിതി ദയനീയം
ആശുപത്രി പരിസരത്താകട്ടെ പ്ലാസ്ടിക് ഉൾപ്പെടെയുള്ള മാലിന്യം കുന്നുകൂട്ടി തീ കത്തിക്കുന്നത് രോഗികൾക്കും പരിസരവാസികൾക്കും വിനയായി തീർന്നു. പ്ലാസ്ടിക് കത്തിയുണ്ടാകുന്ന വിഷപ്പുക കാൻസർ ഉൾപ്പെടെ രോഗങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് അറിയാമായിരുന്നിട്ടും പ്ലാസ്ടിക് ഇവിടെ രാവിലെ കത്തിക്കുകയാണ് പതിവ്. ആശുപത്രിയിൽ മലിനജലം ശുദ്ധീകരിക്കുവാനുള്ള പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ നിന്നും മലിനജലം പൊലീസ് സ്റ്റേഷന് മുൻവശത്തുള്ള മതിൽക്കെട്ടിന് അടിയിലൂടെ കണ്ടൽ കാടിലേക്കും അവിടെ നിന്നും നെയ്യാറിലേക്കും ഒഴുക്കിവിടുകയാണ് പതിവ്.ഈ കടവിന് സമീപത്തു നിന്നുമാണ് വാട്ടർഅതോറിട്ടി ട്രീറ്റ്മെന്റ്കു പ്ളാന്റഇലേക്ക്ടി കുടിവെള്ളം ശേഖരിക്കുന്നത്.
കച്ചവടസ്ഥാപനങ്ങളിലേയും റോഡരുകിലെ വീടുകളിലേയും മാലിന്യം ഒഴുകിയെത്തുന്നത് റോഡരുകിലെ ഓടകളിലേക്കാണ്
ഇത് പരിഹരിക്കാൻ നഗരസഭ മൂന്നുകല്ലിൻമൂട് ജംഗ്ഷൻ മുതൽ നടപടി തുടങ്ങിയെങ്കിലും നിറുത്തി വച്ചു.
വീടുകളിലെ മലിന ജലം ഒഴുക്കി വിടുവാനുള്ള ടാങ്കുകൾ നിർമ്മിക്കാതെയാണ് വീടു വയ്ക്കുവാനുള്ള അനുമതി നൽകിയിട്ടുള്ളത്
മലിന ജല നിർമ്മാർജ്ജനത്തിനുള്ള സംവിധാനം വീട് പണിയാനുള്ള പ്ളാൻ നൽകുമ്പോൾ തന്നെ കാണിച്ചിരിക്കണമെന്ന നിർദ്ദേശം മറി കടന്നാണ് നഗരസഭ നിർമ്മാണ അനുമതി നൽകിയിട്ടുള്ളത്.