photo

പാലോട്: ഹൃദ്രോഗത്താൽ അവശനായ അച്ഛൻ, ഏതു നിമിഷവും തകരാവുന്ന വീട്, വരുമാനമില്ലാത്തതിനാൽ പല ദിവസങ്ങളിലും ഒരു നേരം മാത്രം ഭക്ഷണം, താമസിക്കുന്ന സ്ഥലത്തിന്റെ പേരിൽ കേസുമായെത്തിയ അമ്മ... ഇരുപത്തിരണ്ടുകാരിയായ ഷൈമയുടെ ജീവിതദുരിതം തുടരുകയാണ്.

മൂന്ന് വയസുള്ളപ്പോൾ അമ്മ ഉപേക്ഷിച്ചു പോയ പെരിങ്ങമ്മല ഇടിഞ്ഞാർ മിൻഷാ ഭവനിൽ ഷൈമയ്ക്ക് അച്ഛൻ മോഹനനാണ് ഏക തുണ. റബർ ടാപ്പിംഗ് തൊഴിലാളിയായ മോഹനന്റെ തുച്ഛ വരുമാനത്തിൽ ജീവിതം മുന്നോട്ടു പോകുന്നതിനിടെയാണ് ഹൃദ്രോഗം അദ്ദേഹത്തെ തേടിയെത്തിയത്. മറ്റ് അസുഖങ്ങളുമായപ്പോൾ ജോലിക്ക് പോകാനാകുന്നില്ല. ചികിത്സ തന്നെ വഴിമുട്ടിയ അവസ്ഥയാണ്. റബർ ടാപ്പിംഗ് നിലച്ചിട്ടും മാസങ്ങളായി. മറ്റു വരുമാനങ്ങളില്ലാത്തതിനാൽ സൗജന്യ റേഷൻ മാത്രമാണ് ഏക ആശ്വാസം.

ദുരിതങ്ങൾക്കിടയിലും സുമനസുകളുടെ സഹായത്താൽ ബി.കോം വരെ ഷൈമ പഠിച്ചു.ഇവർ താമസിക്കുന്ന സ്ഥലം മകളെ ഉപേക്ഷിച്ച് പോയ അമ്മയുടെ പേരിലാണ്. അച്ഛനും മകളും താമസിക്കുന്ന 13 സെന്റ് സ്ഥലത്തിനായി അമ്മ കേസ് കൊടുത്തിരിക്കുകയാണ്. 25000 രൂപയ്ക്ക് ബാങ്കിൽ പണയത്തിലായിരുന്ന വസ്തു മോഹനൻ പണമടച്ച് തിരികെ എടുത്തിട്ടുണ്ട്. ഈ വസ്തു തിരികെ നൽകാൻ തയ്യാറുമാണ്. ഒരാവശ്യം മാത്രം - 3 സെന്റ് സ്ഥലം മകൾക്ക് നൽകണം. പഞ്ചായത്ത് കനിഞ്ഞാൽ ആ സ്ഥലത്ത് ഒരു വീടെന്ന ഇവരുടെ ആഗ്രഹവും നടക്കും.

തകരുന്ന വീട്

ഇപ്പോൾ താമസിക്കുന്ന അടച്ചുറപ്പില്ലാത്ത, ചോർന്നൊലിക്കുന്ന വീട് എപ്പോൾ വേണമെങ്കിലും നിലംപൊത്താം. മണ്ണും വീടും പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വീട് ലഭ്യമാക്കണമെന്ന് പഞ്ചായത്തിൽ നിരവധി തവണ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. കളക്ടർക്ക് നൽകിയ നിവേദനവും പാഴായി.

അധികൃതരുടെയും സുമനസുകളും കനിവ് കാത്തുകഴിയുകയാണ് ഈ പാവങ്ങൾ.