തിരുവനന്തപുരം:കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബശ്രീ പ്രവർത്തകർക്കായി നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാപദ്ധതിയിലൂടെ ജില്ലയിൽ 150 കോടി രൂപ വിതരണം ചെയ്തു. 20,200 അയൽക്കൂട്ടങ്ങളിൽ നിന്നുള്ള 2,57,945 അംഗങ്ങൾക്കായി 200 കോടി രൂപയാണ് അനുവദിച്ചത്. ഇതിനകം 15,545 അയൽക്കൂട്ടങ്ങൾക്ക് വായ്പ ലഭ്യമാക്കി. സഹകരണ ബാങ്കുകൾ, എസ്.ബി.ഐ, സി.ബി.ഐ, കനറാ ബാങ്ക്, ഐ.ഒ.ബി, ഇന്ത്യൻ ബാങ്ക്, യു.ബി.ഐ, ഐ.സി.ഐ.സി.ഐ, കേരള ഗ്രാമീൺ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, ഫെഡറൽ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവ വഴിയാണ് വായ്പ വിതരണം ചെയ്തത്. അവശേഷിക്കുന്ന അപേക്ഷകൾക്ക് കൂടി ഉടനടി വായ്പ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനം നടക്കുന്നതായി കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ ഡോ.കെ.ആർ.ഷൈജു അറിയിച്ചു.