നെയ്യാറ്റിൻകര : തൊഴുക്കലിലുള്ള നെയ്യാറ്റിൻകര സെപ്ഷ്യൽ സബ് ജയിലിൽ റിമാൻഡ് പ്രതികളുടെ വരവ് കുറഞ്ഞതോടെ അടച്ചുപൂട്ടി. കൊവിഡ് ബാധിതനായ ഒരു റിമാൻഡ് പ്രതിയെ ഇവിടെ പാർപ്പിച്ചത് കാരണമാണ് ജയിൽ തത്കാലത്തേക്ക് പൂട്ടേണ്ടി വന്നത്. നിലവിൽ ഉണ്ടായിരുന്ന 9 പ്രതികളെ പൂജപ്പുര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തു. ജയിലിലെ സൂപ്രണ്ട് ഒഴികെയുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് അറ്റാച്ച് ചെയ്തും ഉത്തരവായി. നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് റിമാൻഡ് പ്രതികളുടെ അഡ്മിഷൻ നേരത്തേ നിറുത്തിവച്ചിരുന്നു.
നിലവിൽ റിമാൻഡ് ചെയ്യുന്ന പ്രതികളെ സ്രവ പരിശോധന നടത്തിയ ശേഷം വർക്കല ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ എത്തിച്ച് സ്രവ പരിശോധന റിസൾട്ട് വരുന്ന മുറയ്ക്ക് നെഗറ്റീവ് ആകുന്ന പ്രതികളെ തിരുവനന്തപുരം ജില്ലാ ജയിലിൽ കൊണ്ടു പോകും.
നെയ്യാറ്റിൻകരയിലെ വിവിധ കോടതികൾ റിമാൻഡ് ചെയ്യുന്ന പ്രതികളെ 75 കിലേ മീറ്റർ യാത്ര ചെയ്തു വർക്കലയിലെ പരിശോധനാ കേന്ദ്രത്തിലും, അവിടെ നിന്ന് തിരുവനന്തപുരം ജില്ല ജയിലിൽ കൊണ്ടു പോകേണ്ട ഗതികേടിലാണ് ഇപ്പോൾ. ബന്ധുക്കൾക്ക് പ്രതികളെ നേരിൽ കാണുന്നതിനും, ജാമ്യം എടുക്കുന്നതിന്റെ കാര്യങ്ങളെ കുറിച്ച് അറിയാനും ഇതു കാരണം പ്രയാസമായി.