നാലു മാസങ്ങൾക്കപ്പുറം നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, രണ്ടാമൂഴമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മോഹം പൂവണിയുമോ? നാലുവർഷം മുൻപത്തെപ്പോലെ ഇപ്പോൾ ഫലിച്ചേക്കില്ല എന്നാണ് പ്രവചനങ്ങൾ. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡനു മുന്നിൽ ട്രംപ് അടിയറവുപറയുമെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന. പക്ഷേ അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ പലതും മാറിമറിയാം. കൊറോണരോഗ വ്യാപനംനേരിടുന്നതിൽ കാട്ടിയ അമാന്തവും പിഴവും വംശീയ ആക്രമണങ്ങൾ ചെറുക്കുന്നതിലുണ്ടായ വീഴ്ചയുമാണ് ട്രംപിന് തിരിച്ചടിക്കുള്ള കാരണങ്ങളായി ഭൂരിഭാഗം സർവേകളും ചൂണ്ടിക്കാട്ടുന്നത്.
18 മുതൽ 65, 70 വരെ പ്രായക്കാരായ വോട്ടറന്മാർ പാർട്ടി നിറഭേദമന്യേ ട്രംപിനെ കൈയൊഴിയുന്ന ചിത്രമാണ് തെളിയുന്നത്. ഹിലാരി ക്ലിന്റനോട് ആമയും മുയലും കളിച്ച ആദ്യ മൽസരത്തിൽ ഓടിക്കിതച്ച് 270 ഇലക്ട്രക്ടറൽവോട്ട് എന്ന മാന്ത്രിക സംഖ്യ കടക്കാൻ തനിക്കൊപ്പം നിന്ന പല വിഭാഗങ്ങളും ഇപ്പോൾ അദ്ദേഹത്തെ എതിർക്കുകയാണ്. അക്കുറി തിരഞ്ഞെടുപ്പിന് നാലു മാസം മുന്നെ ട്രംപിനെ അപേക്ഷിച്ച് ഏഴ് ശതമാനത്തിലധികം അഭിപ്രായവോട്ടിന്റെ ലീഡ്നേടിയ ഹിലാരിയെ അന്തിമ നാളിൽ മറികടക്കാൻ ട്രംപിനായി. ഇത്തവണ അതത്ര എളുപ്പമാവില്ല. നിലവിൽ ജോ ബൈഡന് ട്രംപിനെ അപേക്ഷിച്ച് പതിനാലു ശതമാനത്തിലേറെവോട്ടറന്മാരുടെ പിൻതുണ കൂടുതലുണ്ട്. ഡെമോക്രാറ്റ് പ്രസിഡന്റ് ജിമ്മി കാർട്ടറുടെ തിരഞ്ഞെടുപ്പിലൊഴികെ സമീപകാലത്ത് റിപ്പബ്ലിക് പാർട്ടിയെമാത്രം തുണച്ചിട്ടുളള ടെക് സാസ്, ഫ്ളോറിഡ തുടങ്ങിയ വലിയ സംസ്ഥാനങ്ങളടക്കം ട്രംപിനെതിരെ നീങ്ങുമെന്നാണ് സൂചന. നിലവിലെ കണക്കനുസരിച്ച് ബൈഡൻ 447 ഇലക്ട്രക്ടറൽവോട്ടുമായി ജയിച്ചു കയറുമെന്ന് തന്നെയാണ് പ്രവചനം.
ദേശീയതയിലൂന്നി വിജയംനേടിയ ട്രംപിന്റേത്ദേശീയതയല്ല വെള്ളക്കാരുടെ വികാര സംരക്ഷണം മാത്രമാണെന്ന വിമർശനവും ശക്തമാണ്. മിനിയാപൊലീസിൽ കറുത്ത വർഗക്കാരൻ ജോർജ് ഫ്ളോയ്ഡ് പൊലീസ് പീഡനത്തിൽ മരിച്ച സംഭവം കൈകാര്യം ചെയ്ത രിതിയിൽ വെളുത്തവർക്കും തൃപ്തിയില്ല. പിന്നീടു നടന്ന കറുത്തവരുടെ ജീവനും വിലയുണ്ട് എന്ന പ്രതിഷേധം അമേരിക്കയുടെ ആത്മാവ് സംരക്ഷിക്കാനുളളപോരാട്ടമായി ജനം വിലയിരുത്തി. പ്രക്ഷോഭം നേരിടാനായി സൈന്യത്തെ വിളിക്കാനാണ് ട്രംപ് ശ്രമിച്ചത്. കൂനിന്മേൽ കുരുപോലെയാണ് പ്രസിഡന്റിന്റെ സോഷ്യൽ മീഡിയയിലെ ചില ട്വീറ്റുകൾ. വെളളക്കാരുടെ ശക്തി എന്നപേരിൽ ചില അനുയായികൾ പ്രചരിപ്പിച്ച വീഡിയോ ട്രംപ് പങ്കുവച്ചത് വിവാദമായി. പ്രസിഡന്റ് വംശീയമായി പക്ഷം പിടിക്കുന്നുവെന്ന് ആരോപണമുയർന്നു.
അമേരിക്കയിലെ ജോലി അമേരിക്കക്കാർക്ക് എന്ന മണ്ണിന്റെ മക്കൾ വാദവും ട്രംപ് നേരത്തെ ഉയർത്തിയിരുന്നു. അനധികൃത കുടിയേറ്റം തടയാനായി മെക്സിക്കയ്ക്കു ചുറ്റും മതിൽ കെട്ടും എന്ന വാഗ്ദാനം പൂർത്തിയാക്കാനായില്ല. കഴിഞ്ഞ നാലുവർഷം കൊണ്ട് തൊഴിലില്ലായ്മ വർദ്ധിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ പിരിച്ചുവിടലും അടച്ചുപൂട്ടലും ഏറി. ലക്ഷക്കണക്കിനാളുകളാണ് തൊഴിലില്ലായ്മവേതനത്തിന് അപേക്ഷ നൽകിയിരിക്കുന്നത്.
സമ്പത്ത് ഘടനയുടെ അടിത്തറ തകർന്നു എന്നു മാത്രമല്ല അമേരിക്ക അതിജീവിച്ച ഏറ്റവും ഗുരുതര സാമ്പത്തിക മാന്ദ്യവുമായി തട്ടിക്കുമ്പോൾ അതിലും രൂക്ഷമായ മാന്ദ്യമാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നു. ഇത് കൊറോണ കാരണമാണെന്ന ട്രംപിന്റെ വാദത്തോട് യോജിക്കുന്നവർ കൂടുതലാണ്. അടച്ചുപൂട്ടലിൽ നിന്ന് പുറത്തുകടന്ന് വ്യാപാരമേഖലക്ക് ഊർജവും ഉണർവും പകരണമെന്ന നയം കുറച്ചധികം ആരാധകരെ സൃഷ്ടിച്ചു. അവരിലും, തന്റെ ഉറ്റ അനുയായികളായ ബിരുദമില്ലാത്ത വെളുത്തവർഗക്കാരിലും ആണ് ട്രംപിന്റെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് ദിനമാകുന്നതോടെ ഭൂരിപക്ഷം തനിക്കനുകൂലമാകുമെന്ന് ട്രംപ് വിശ്വസിക്കുന്നു.
ചൈനയോട് കടുത്ത എതിർപ്പ്, റഷ്യയോട് മൃദു നയം, എന്ന ട്രംപിന്റെ ദ്വിമുഖ സമീപനവും വിമർശന വിധേയമാണ്. കൊറോണ വൈറസിനെ സംബന്ധിച്ച വിവരങ്ങൾ യഥാസമയം നൽകിയില്ല എന്നതും ഹോംങ്കോംഗിനായി പുതിയ നിയമം കൊണ്ടുവന്നതുമാണ് ചൈനാവിരുദ്ധ നീക്കത്തിനടിസ്ഥാനം. ചൈനയുമായി കച്ചവട ബന്ധമാരോപിച്ച് ബൈഡനേയും കുടുംബത്തേയും ഇകഴ്ത്താനുള്ള ട്രംപിന്റെ നീക്കവും ഏശിയില്ല. പിന്നെ വ്യക്തിപരമായ ആക്രണമായി. 74കാരനായ ട്രംപ്, 77കാരനായ ബൈഡന് വയസ്സായി അമേരിക്കയെ നയിക്കാനാവില്ല എന്നാക്ഷേപിച്ചു.
ട്രംപ് പ്രസിഡന്റായത് റഷ്യയുടെ അദൃശ്യ സഹായത്താലാണ് എന്നത് കേവലമായ ആരോപണമായിരുന്നില്ല. ഇംപീച്ച്മെന്റ് നടപടിയിലേക്കുവരെ അതു നീങ്ങി. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻസേനാംഗങ്ങളെ വധിക്കാൻ റഷ്യ താലിബാന് സാമ്പത്തിക സഹായം നൽകിയെന്ന രഹസ്യ ഏജൻസി റിപ്പോർട്ട് ലഭിച്ചിട്ടും പ്രസിഡന്റ് ട്രംപ് നടപടി എടുത്തില്ല എന്ന ആക്ഷേപം പുറത്തു വന്നു. റഷ്യൻ വിരോധികളായ ഭൂരിഭാഗം അമേരിക്കക്കാരും ഇതെങ്ങനെ കാണുമെന്നത് ട്രംപിന്റെ ജയപരാജയത്തിൽ നിർണായകമായേക്കാം. ഔദ്യോഗിക ഈമെയിൽ അതിരുവിട്ടുപയോഗിച്ചു എന്ന ആക്ഷേപമാണ് ഹിലാരിക്ക് അവസാനം നിമിഷം വിനയായത്.
രണ്ട് പുസ്തകങ്ങളെ ട്രംപ് വല്ലാതെ ഭയക്കുന്നുണ്ട്. രണ്ടും പിണങ്ങിമാറിയ അടുത്ത ആൾക്കാരിൽ നിന്നാണെന്നുള്ളത് ഉത്കണ്ഠ കൂട്ടുന്നു. ഒന്ന് ട്രംപിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺബോൾട്ടൻ വൈറ്റ് ഹൗസിനെ അധികരിച്ചെഴുതിയ 'ദ റൂം വെയർ ഇറ്റ് ഹാപ്പെൻഡും" മറ്റൊന്ന് ജ്യേഷ്ഠസഹോദര പുത്രിമേരി ട്രംപിന്റെ 'നെവർ ഇനഫ്: ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദിവേൾഡ്സ് മോസ്റ്റ് ഡെയിഞ്ചറസ് മാൻ" എന്നിവ. രണ്ടും നിരോധിക്കാനായി കോടതിയെ സമീപിച്ചിരിക്കുകയാണ് ഭരണകൂടം. മേരിയുടെ പുസ്തകം പുറത്തിറക്കുന്നതു സംബന്ധിച്ച് ജൂലായ് 10ന് കോടതി തീരുമാനമെടുക്കും. ഇതിനിടയിലാണ് വാട്ടർഗേറ്റ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത മുൻ പത്രപ്രവർത്തകൻ കാൾബേൺ സ്റ്റെയിൻ, വിവരം കെട്ടവനായ ട്രംപ് അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് ടെലിവിഷൻ പരിപാടിയിൽ തുറന്നടിച്ചത്. അമേരിക്ക അതിന്റെ ഇരുന്നൂറ്റി നാൽപത്തി നാലാം സ്വാതന്ത്ര്യദിനത്തിലേക്ക് (ജൂലായ് 4) നീങ്ങുമ്പോൾ പ്രസിഡന്റ് ട്രംപ് രണ്ടാമങ്കത്തിൽ പെടാപ്പാടുപെടുകയാണ്. അനുകൂലഘടകങ്ങളെ അപേക്ഷിച്ച് പ്രതികൂല ഘടകങ്ങളാണ് കൂടുതൽ.