തിരുവനന്തപുരം: നഗരത്തിലെ തോടുകളിലെ മഴക്കാല പൂർവ ശൂചീകരണം പാളിയതോടെ ആമയിഴഞ്ചാൻ തോടുൾപ്പെടെയുള്ള തിരുവനന്തപുരം നഗരത്തിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിലായിരുന്നു. കാലവർഷം ശക്തമായതോടെ അരുവിക്കര അടക്കമുള്ള ഡാമുകൾ തുറന്നുവിട്ടതും വെള്ളക്കെട്ട് രൂക്ഷമാക്കിയിരുന്നു. ഇതിന്റെ പേരിൽ ജില്ലാ ഭരണകൂടവും നഗരസഭയും കൊമ്പുകോർത്തതും മുൻ കളക്ടറുടെയും മേയറുടെയും പരസ്യ പ്രതികരണങ്ങളും വലിയ വിവാദമായിരുന്നു. നേരത്തെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഇറിഗേഷൻ വകുപ്പ് കാര്യമായ വൃത്തിയാക്കൽ നടത്തിയില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് നഗരസഭ മുൻകൈയെടുത്ത് നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയത്.
തമ്പാനൂർ മസ്ജിദ് പരിസരത്തു നിന്ന് തുടങ്ങി പാറ്റൂർ വരെയുള്ള ആദ്യഘട്ട ശുചീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാവുന്നു. നിലവിൽ വഞ്ചിയൂർ കോടതി മുതൽ പാറ്റൂർ വരെയുള്ള ഭാഗങ്ങളിൽ അവസാനവട്ട ജോലികൾ പുരോഗമിക്കുകയാണ്. പാറ്റൂർ മുതൽ കണ്ണമ്മൂല വരെയാണ് രണ്ടാം ഘട്ടം. മണ്ണും മാലിന്യവും നീക്കം ചെയ്‌ത് നീരൊഴുക്ക് സുഗമമാക്കുന്ന പ്രവൃത്തികളാണ് പ്രധാനമായും നടത്തുന്നത്. അതോടൊപ്പം തോട് കടന്നുപോകുന്ന സ്ഥലങ്ങളിൽ തകർന്ന സംരക്ഷണ ഭിത്തിയുടെ പുനർ നിർമ്മാണവും നടത്തി പൂർവ സ്ഥിതിയിലാക്കുന്നുണ്ട്. നഗരസഭയുടെ എൻജിനിയറിംഗ് വിഭാഗമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നീക്കം ചെയ്യുന്ന മാലിന്യങ്ങൾ വേർതിരിച്ച് അംഗീകൃത ഏജൻസികൾക്ക് കൈമാറും.
ഇനി മാലിന്യം തള്ളണ്ട, അകത്താകും
ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ പിടികൂടാൻ പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ തോട് കടന്നു പോകുന്ന പ്രദേശങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിൽ സി.സി ടിവി കാമറകൾ സ്ഥാപിക്കും. മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ തിരിച്ചറിഞ്ഞാൽ കനത്ത പിഴ ചുമത്തി മറ്റ് നിയമനടപടികൾ സ്വീകരിക്കും.
മുങ്ങിപ്പോയ കമ്മിറ്റി
2017ൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആമയിഴഞ്ചാൻ തോടുൾപ്പെടെയുള്ള നഗരത്തിലെ തോടുകളിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങാൻ തീരുമാനിച്ച്, അതിനായി ജില്ലാ കളക്ടർ ചെയർമാനായി ഒരു കമ്മിറ്റിയെയും രൂപീകരിച്ചിരുന്നു. എന്നാൽ പിന്നീട് ഇതിന്റെ പ്രവർത്തനങ്ങളൊന്നും നടന്നില്ല.
ചെറിയ മഴ പെയ്‌താൽ വെള്ളത്തിനടിയിലാകുമായിരുന്ന തമ്പാനൂർ, ഓവർബ്രിഡ്ജ് , കിഴക്കേകോട്ട എന്നീ പ്രദേശങ്ങളിൽ ഇപ്രാവശ്യം വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിച്ചത് നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ്. ഡാം തുറന്നുവിട്ടപ്പോൾ ചെറിയ വെള്ളക്കെട്ടുണ്ടായതോഴിച്ചാൽ മറ്റ് കാര്യമായ പ്രശ്നങ്ങളില്ലായിരുന്നു. മഴക്കാല പൂർവ ശുചീകരണം നഗരസഭ ശക്തിപ്പെടുത്തും.
-മേയർ കെ.ശ്രീകുമാർ
ശുചീകരണം
ആദ്യഘട്ടത്തിന് 1 കോടി
രണ്ടാംഘട്ടത്തിന് 2 കോടി
ഫോട്ടോ... ശുചീകരണം പുരോഗമിക്കുന്ന ആമയിഴഞ്ചാൻ തോട് സന്ദർശിക്കുന്ന മേയറും സംഘവും (ഫയൽ ചിത്രം)