general

ബാലരാമപുരം: ബാലരാമപുരം - എരുത്താവൂർ റോഡിലെ ശോചനീയാവസ്ഥയും റോഡിലെ അപകടകാരികളായ കുഴികളും വാഹനയാത്രികർക്ക് വെല്ലുവിളിയാകുന്നു. ഈ റോഡ് തകർന്നിട്ട് മൂന്ന് വർഷത്തോളമായി ഈ കാലയളവിൽ അഞ്ച് ലക്ഷം രൂപ മെയിന്റനൻസ് ഫണ്ട് അനുവദിച്ച് രണ്ട് തവണ കുഴികളടച്ചെങ്കിലും റോഡ് വീണ്ടും തകരാറിലായി. വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ ഭാഗമായി ഈ റോഡിന്റെ നിർമ്മാണച്ചുമതല മരാമത്ത് വകുപ്പ് ദേശീയപാത അതോറിട്ടിക്ക് കൈമാറിയിരുന്നു. ബി.എം ആൻഡ് ബി.സി പദ്ധതിയിൽ ഉൾപ്പെടുത്തി 11 കോടി രൂപയാണ് കാട്ടാക്കട - ബാലരാമപുരം റോഡിന്റെ വികസനത്തിന് അനുവദിച്ചത്. പദ്ധതിയുടെ ആദ്യ ഭാഗമായി ഓട നിർമ്മാണം പൂർത്തിയായെങ്കിലും ടാറിംഗ് ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ലോക്ക് ഡൗണിനെ തുടർന്ന് റോഡ് നിർമ്മാണം മൂന്ന് മാസത്തോളം മുടങ്ങിയിരുന്നു. നിലവിൽ റോഡിന്റെ നിർമ്മാണം പുനഃരാരംഭിച്ചെങ്കിലും ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. രേണുക കല്ല്യാണമണ്ഡപത്തിന് സമീപം, തണ്ണിക്കുഴി, റെയിൽവേ ക്രോസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ മഴയത്ത് രൂപപ്പെട്ട കുഴികൾ മെറ്റിലിട്ടടച്ചത് യാത്രക്കാർക്ക് ആശ്വാസമായിട്ടുണ്ട്. റോഡ് പണിക്കായി കൂട്ടിയിട്ടിരുന്ന മെറ്റലുകൾ മഴയത്ത് ഒലിച്ച് റോഡാകെ പരന്നതും യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. നിലവിൽ ഒടയ്ക്ക് സമീപം മെറ്റലുകൾ പാകിയിട്ടുണ്ട് വരും ദിവസങ്ങളിൽ മഴ ശക്തമാവുകയാണെങ്കിൽ വീണ്ടും മെറ്റൽ റോഡിലേക്ക് വ്യാപിച്ച് ഗതാഗത പ്രതിസന്ധി രൂക്ഷമാകുമെന്നാണ് നാട്ടുകാരുടെ പരാതി.

 നാട്ടുകാർ പ്രതിഷേധത്തിൽ

ബാലരാമപുരം - എരുത്താവൂർ റോഡ് ശോചനീയാവസ്ഥയിലായിട്ടും അധികൃതർ പണികൾ വേഗം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ അപകടങ്ങൾ നിത്യസംഭവമായി മാറിക്കഴിഞ്ഞു. ചാനൽപ്പാലം ജംഗ്ഷനിലെ പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പാലം പൊളിച്ച് പണിയണം എന്നാവശ്യപ്പെട്ട് ഇറിഗേഷൻ വകുപ്പിന് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ. റോഡിന്റെ ടാറിംഗ് ഉടൻ ആരംഭിച്ചില്ലെങ്കിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിക്കുമെന്നും നാട്ടുകാർ പറഞ്ഞു.

 ബാലരാമപുരം മുതൽ എരുത്താവൂർ വരെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ അവിടവിടെയായി കുഴികൾ രൂപപ്പെട്ടത് വാഹനയാത്രികർക്ക് ഭീഷണിയായിട്ടുണ്ട്.

 തണ്ണിക്കുഴിക്ക് റോഡിന് സമീപം ടാർ പൂർണമായും ഒലിച്ചുപോയി.

 ബാലരാമപുരം പഞ്ചായത്ത് ഓഫീസിന് മുൻവശവും കുഴികൾ ഭീഷണിയുയർത്തുന്നുണ്ട്.

 റോഡ് ശോചനീയാവസ്ഥയിലായിട്ട് മൂന്ന് വർഷം

 ബി.എം ആൻഡ് ബി.സി പദ്ധതിയിൽ ഉൾപ്പെടുത്തി കാട്ടാക്കട - ബാലരാമപുരം റോഡിന്റെ വികസനത്തിന് അനുവദിച്ചത് - 11 കോടി രൂപ

 ബാലരാമപുരം –എരുത്താവൂർ റോഡിൽ ഓടനിർമ്മാണത്തിനായി പാകിയ മെറ്റൽ മഴയത്ത് റോഡിലേക്ക് വ്യാപിച്ചതിനെ തുടർന്ന് പരിസരവാസിയായ വീട്ടുടമ റോഡിൽ നിന്നും മെറ്റൽ നീക്കം ചെയ്യുന്നു. (ഫയ‍ൽ ചിത്രം)