kallupara
കല്ലുപാറ ആദിവാസി കോളനിയിൽ വിദ്യാർത്ഥികൾക്ക് ഒാൺലൈൻ പഠനത്തിനായി നിർമ്മിച്ച ഷെഡിൽ വിതുര സി.ഐ എസ്. ശ്രീജിത്, എസ്.ഐ വി.എൽ. സുധീഷ്, സാമൂഹിക പ്രവർത്തക ധന്യാരാമൻ എന്നിവർ

വിതുര: "സാറെന്തിനാ ഞങ്ങളുടെ ഊരിൽ വന്നത്, ഇവിടാരും തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ?", വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിൽ ചാർജെടുത്ത് ആദ്യമായി ദുർഘട പാതയിലൂടെ മല കയറി തങ്ങളുടെ ഊരിലെത്തിയ സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷിനോട് കല്ലുപാറ സെറ്റിൽമെന്റിലുള്ള ജനങ്ങൾ ചോദിച്ച ആദ്യ ചോദ്യം ഇതായിരുന്നു. ആരെയും കൊണ്ടുപോകാനല്ല, മറിച്ച് ക്ഷേമം അന്വേഷിക്കാൻ എത്തിയതാണെന്ന് അറിയിച്ചപ്പോൾ തങ്ങളുടെ കഷ്ടപ്പാടുകൾ കല്ലുപാറയിലെ ജനങ്ങൾ എണ്ണിപ്പറഞ്ഞു. തുടർന്ന് സ്വന്തം പരിശ്രമത്തിലൂടെയും ജനമൈത്രി പൊലീസിന്റെയും വിതുര സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ 'ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം' പദ്ധതിയിലൂടെയും കഴിയുന്നത്ര സഹായങ്ങൾ മലകയറിയെത്തിക്കാൻ സബ് ഇൻസ്പെക്ടർ മറന്നില്ല. തുടർന്നുള്ള നിരന്തര സന്ദർശനങ്ങൾക്കിടയിലാണ് ലോക്ക് ഡൗൺ മൂലം തങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യമില്ലെന്ന കാര്യം കല്ലുപാറക്കാർ അറിയിച്ചത്. തുടർന്ന് അഞ്ചു ദിവസം കൊണ്ട് മുന്നൂറ് സ്ക്വയർ ഫീറ്റിൽ പ്രൊജക്ടർ, ടിവി, ബോർഡ് എന്നിവ സജ്ജീകരിക്കാനുള്ള സംവിധാനത്തോടെ ഈറയും മുളയും ഉപയോഗിച്ച് രക്ഷിതാക്കൾ പള്ളിക്കൂടം തയ്യാറാക്കി. ക്ലാസിൽ ഉപയോഗിക്കാനായി ടിവിയും, ഡിഷ് കണക്‌ഷനും, വൈറ്റ് ബോർഡും സജ്ജീകരിക്കാൻ വിതുര ജനമൈത്രി പൊലീസും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും പൊലീസ് ട്രെയിനികളും രക്ഷിതാക്കളും ഒന്നിച്ച് പ്രവർത്തിച്ചു. ജനമൈത്രി ഡയറക്ടറേറ്റ് മേധാവി ഐ.ജി ശ്രീജിത്ത്, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി. വിജയൻ, സാമൂഹിക പ്രവർത്തക ധന്യാരാമൻ എന്നിവർ പിന്തുണ നൽകി. കഴിഞ്ഞുപോയ ക്ലാസുകൾ കാണാനായി ഓഫ്‌ലൈൻ പഠനത്തിനും സംവിധാനമൊരുക്കി. അങ്ങനെ വാഹനങ്ങളെത്താത്ത വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായ ഉൾക്കാട്ടിലെ കല്ലുപാറ ഊരിൽ കൊവിഡ്ക്കാല പള്ളിക്കൂടം തയ്യാറായി. ഓൺലൈൻ സ്കൂളിന്റെ ഉദ്ഘാടനം സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന അസി. നോഡൽ ഓഫീസർ സിജു ഉദ്ഘാടനം ചെയ്തു. വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ധന്യാ രാമൻ, എസ്.ഐ. സുധീഷ് എസ്.എൽ, എസ്.പി.സി എ.ഡി.എൻ.ഒ അനിൽ കുമാർ ടി.എസ്, പ്രോജക്ട് ഓഫീസർ പ്രേമചന്ദ്രൻ, വിതുര സ്കൂളിലെ അദ്ധ്യാപകൻ കെ. അൻവർ, പൊലീസ് ഉദ്യോഗസ്ഥർ, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.