muthalapozhy-

ചിറയിൻകീഴ്: പെരുമാതുറ - അഞ്ചുതെങ്ങ് തീരദേശ ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് തുണയാകുന്ന മുതലപ്പൊഴി ടൂറിസം പദ്ധതി അവഗണനയിൽ. കൊവിഡ് 19ന് മുൻപ് ദിനം പ്രതി നിരവധി സഞ്ചാരികൾ എത്തിക്കൊണ്ടിരുന്ന ഇടമാണ് മുതലപ്പൊഴി. ഇവിടത്തെ പാലവും പെരുമാതുറ- താഴംപള്ളി ബീച്ചുകളും ഹാർബറുമെല്ലാം സഞ്ചാരികൾക്ക് പ്രകൃതി ഭംഗിയുടെ പുത്തൻതലങ്ങളാണ് സമ്മാനിക്കുന്നത്. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ടൊയ്‌ലെറ്റ് അടക്കമുളള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

2019 ആഗസ്റ്റിൽ മുതലപ്പൊഴി ടൂറിസം പദ്ധതിക്കായി വിനോദ സഞ്ചാര വകുപ്പ് മൂന്ന് കോടി രൂപ അനുവദിച്ച് ഉത്തരവിറക്കി. ഒരു വർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിരുന്നു. ഹാർബർ എൻജിനിയറിംഗ് വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. എന്നാൽ കരാർ കാലാവധി കഴിയാൻ 2 മാസം മാത്രം ശേഷിക്കെ ടൂറിസം വികസനത്തിനായി നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രരംഭഘട്ടം പോലും ആരംഭിച്ചിട്ടില്ലായെന്ന് പ്രദേശവാസികൾ പറയുന്നു. അടിസ്ഥാന വികസന സൗകര്യങ്ങൾ ഒരുക്കാൻ ഫണ്ട് അനുവദിച്ച് മാസങ്ങൾ പിന്നിണ്ടെങ്കിലും പദ്ധതിയുടെ പ്രാരംഭഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പോലും ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്.

ഇതിനിടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനായി പാറ കൊണ്ട് പോകാൻ വാർഫ് നിർമ്മിക്കാൻ ടൂറിസത്തിനായി കണ്ടെത്തിയ സ്ഥലം സർക്കാർ അദാനി ഗ്രൂപ്പിന് വിട്ടു നൽകി. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ ബന്ധപ്പെട്ട അധികൃതരും പ്രദേശവാസികളുമായി നടത്തിയ ചർച്ചയിൽ വാർഫ് നിർമ്മാണത്തോടൊപ്പം തന്നെ മുതലപ്പൊഴി ടൂറിസം പദ്ധതി ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയതായി പ്രദേശവാസികൾ പറയുന്നു. ഇതോടെ പ്രതിഷേധത്തിൽ നിന്നും സമരക്കാർ പിൻവാങ്ങി. പദ്ധതി എങ്ങുംമെത്താതെ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിപ്പോകാതെ എത്രയും വേഗം പൂർത്തികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.