മുടപുരം: പൊതുവിദ്യാഭ്യാസരംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി മുടപുരം ഗവ.യു.പി സ്കൂൾ 'സ്മാർട്ടാ"ക്കി. സ്കൂളിൽ തയ്യാറാക്കിയ നാല് സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ നിന്നുമനുവദിച്ച ആറ് ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് ക്ലാസ് മുറികളും സ്കൂൾ ഹെഡ്മിസ്ട്രസും എസ്.എം.സി കമ്മിറ്റിയും ചേർന്ന് കമ്പ്യൂട്ടർ ലാബായി പ്രവർത്തിച്ചിരുന്ന മുറിയുമാണ് സ്മാർട്ട് ക്ലാസ് റൂമാക്കി മാറ്റിയത്. ഹെഡ്മിസ്ട്രസ് മുൻകൈയെടുത്ത് ഈ കെട്ടിടത്തിന്റെ അകവും പുറവും 25000 രൂപ മുടക്കി വർണചിത്രങ്ങൾ വരച്ച് പെയിന്റ് ചെയ്തു. പ്രധാന ഗേറ്റിൽ നിന്നുള്ള പാതയുടെ ഇരുവശത്തും പുല്ലും ചെടികളും വച്ച് പിടിപ്പിച്ച് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. എൽ.കെ.ജി.മുതൽ ഏഴാം ക്ലാസ് വരെ മുന്നൂറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഈ വർഷം മുതൽ ഒന്നാം ക്ലാസിൽ മലയാളം മീഡിയത്തിനു പുറമെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി ആരംഭിച്ചു.പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനത്തിനായി തെങ്ങുവിള ഭഗവതി ക്ഷേത്രം ഊട്ടുപുരയിൽ പ്രാദേശിക പ്രതിഭാ കേന്ദ്രവും ഉണ്ട്.