വർക്കല: പാലച്ചിറ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം അവതാളത്തിലാക്കുന്നു. ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കുന്നത്ത്മല എന്ന ചെറിയ പ്രദേശത്ത് മാത്രം എഴുപതോളം കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസമാണ് വൈദ്യുതി തകരാർ പ്രതിസന്ധിയിലാക്കിയത്. ഇതേ അവസ്ഥയാണ് മറ്റു പല പ്രദേശങ്ങളിലും. ഓരോ ക്ലാസുകൾക്കും പല സമയങ്ങളിലാണ് ഓൺലൈൻ ക്ലാസുകൾ. ക്ലാസുകൾക്കുളള തയ്യാറെടുപ്പുമായി വിദ്യാർത്ഥികൾ ടിവിക്കു മുമ്പിൽ കാത്തിരിക്കുമ്പോഴോ ക്ലാസിന്റെ പകുതിയിൽ വച്ചോ ആകും മിക്കപ്പോഴും വൈദ്യുതി മുടങ്ങുന്നത്. ഓരോ ദിവസത്തെയും ക്ലാസിന്റെ തുടർച്ചയാണ് അടുത്തദിവസം. വൈദ്യുതി തകരാർമൂലം ക്ലാസ് നഷ്ടപ്പെടുന്നവർക്ക് അടുത്ത ദിവസത്തെ ക്ലാസ് മനസിലാക്കാൻ പ്രയാസമായിരിക്കും. ഒരുദിവസം എത്ര പ്രാവശ്യം വൈദ്യുതി മുടങ്ങുമെന്നോ എത്ര സമയം നീണ്ടുനിൽക്കുമെന്നോ പറയാൻ കഴിയാത്ത അവസ്ഥയാണ്. അതേ സമയം കാലവർഷത്തിന് മുന്നോടിയായി മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവർത്തനം നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് വൈദ്യുതി ബോർഡ് അധികൃതർ നൽകുന്ന വിശദീകരണം. ഈ പ്രവർത്തനം അവധി ദിവസങ്ങളിലേക്ക് മാറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.