ckl

ചിറയിൻകീഴ്: ചിറയിൻകീഴ് നിവാസികളുടെ സ്വപ്‌ന പദ്ധതിയായ റെയിൽ ഓവർബ്രിഡ്‌ജ് നിർമ്മാണത്തിനുള്ള നടപടികൾക്ക് പുതിയ മാർഗ നിർദ്ദേശവുമായി സർക്കാർ. ചിറയിൻകീഴ് റെയിൽവേ ഓവർബ്രിഡ്‌ജിനുള്ള ടെൻഡർ നടപടികൾക്ക് അപേക്ഷ ക്ഷണിച്ചു. ചിറയിൻകീഴിനെ സംസ്ഥാനത്തെ 10 ഓവർബ്രിഡ്‌ജുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് അപേക്ഷ ക്ഷണിച്ചത്. നേരത്തെ നടന്ന ടെൻഡറിൽ രണ്ടുപേരാണ് പങ്കെടുത്തത്. ഒരു കമ്പനി കരിമ്പട്ടികയിലുള്ളത് ആയതോടെ ടെൻഡർ അസാധുവായിരുന്നു. ആകെ 88 ഭൂ ഉടമകളിൽ നിന്നാണ് വലിയകട മുതൽ പണ്ടകശാല വരെ നീളുന്ന ഓവർബ്രിഡ്‌ജിനായി സ്ഥലം ഏറ്റെടുക്കുന്നത്. ഇതിൽ 81പേരുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി. ബാക്കിയുള്ളവരുടെ നടപടികൾ ഉടൻ പൂർത്തിയാക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്. സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളും മതിലുകളും പൊളിച്ചുമാറ്റൽ ഏറക്കുറെ പൂർത്തിയായി. 10 കോടി രൂപ ഇതുവരെ നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്. ബാക്കി നഷ്ടപരിഹാരം നൽകാനായി 1.58 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓവർബ്രിഡ്‌ജിന്റെ ഇരുവശത്തുമായി അപ്രോച്ച് റോഡും വലിയകട ജംഗ്ഷനിൽ ട്രാഫിക് ഐലന്റും നിർമ്മിക്കാനാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.