തിരുവനന്തപുരം:സാഫല്യം കോംപ്ലക്സിലെ ഒരു ജനറൽ സ്റ്റോഴ്സിലെ ജീവനക്കാരനായ അസാം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഏഴ് ദിവസത്തേക്ക് കോംപ്ലക്സ് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു. പാളയം മാർക്കറ്റിലെ നിയന്ത്രണങ്ങളും കടുപ്പിക്കും. മാർക്കറ്റിനു മുന്നിലെ ഗേറ്റ് മാത്രമേ തുറക്കൂ. നഗരസഭയുടെ ആരോഗ്യവിഭാഗം ജീവനക്കാരുടെ കൗണ്ടർ ഗേറ്റിന് മുന്നിൽ സ്ഥാപിക്കും. അത്യാവശ്യക്കാരെ മാത്രമേ മാർക്കറ്റിൽ പ്രവേശിപ്പിക്കൂ. പാളയം മാർക്കറ്റിന് മുന്നിലെ തെരുവോരക്കച്ചവടക്കാർക്കും നിയന്ത്രണമുണ്ടാകും. നഗരത്തിലെ മറ്റ് മാർക്കറ്റുകളിലും നിയന്ത്രണം കർശനമാക്കും.
ആൾക്കൂട്ടം കുറയ്ക്കുന്നതിനായി ചാല, പാളയം മാർക്കറ്റുകളിലും നഗരത്തിലെ മാളുകളിലെ സൂപ്പർ മാർക്കറ്റുകളിലും മാത്രമായി നഗരസഭ ഏർപ്പടുത്തിയിരുന്ന നിയന്ത്രണം നഗരത്തിലെ തിരക്കുള്ള മുഴുവൻ സൂപ്പർ മർക്കറ്റുകളിലേക്കും,മറ്റ് മാർക്കറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്നും മേയർ പറഞ്ഞു.
ആൾക്കൂട്ടമുണ്ടാകുന്ന ബസ് സ്റ്റോപ്പുകൾ, ഓഫീസുകൾ,അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തും. ഇതിനായി പൊലീസിന്റെ സഹായവും തേടും. കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നഗരസഭയുടെ എമർജൻസി റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തും.
ബുധനാഴ്ച പൂന്തുറയിലുള്ള മത്സ്യത്തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തീരദേശമേഖല കേന്ദ്രീകരിച്ച് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതുതായി ബീമാപള്ളി ഹോസ്പിറ്റൽ ക്വാറന്റൈൻ സെന്ററാക്കി നഗരസഭ മാറ്റിയിട്ടുണ്ട്. തീരദേശമേഖല കേന്ദ്രീകരിച്ച് അടിയന്തരമായി അഞ്ച് പുതിയ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ സെന്ററുകൾ കൂടി ആരംഭിക്കുമെന്നും മേയർ പറഞ്ഞു.
തീരദേശ മേഖല കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും. നഗരത്തിലെ സാഹചര്യം കണക്കിലെടുത്ത് നഗരത്തിൽ നടത്തുന്ന സമരങ്ങളിൽ
ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിന് തയ്യാറാവണം. വഞ്ചിയൂർ മേഖലയിലും കർശന നിയന്ത്രണമുണ്ടാകും. നഗരത്തിലെ ഓഫീസുകളിലും ആൾത്തിരക്ക് കുറയ്ക്കാൻ ആവശ്യമായ നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നു മേയർ വ്യക്തമാക്കി. ബസ് സ്റ്റോപ്പ്, സമരങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, അക്ഷയകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും കർശന നിയന്ത്രണം വേണ്ടിവരും.ഇന്ന് രാവിലെ 8 മുതൽ നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ അണുവിമുക്തമാക്കും. നഗരമാകെ അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മേയർ പറഞ്ഞു.
ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച ഒൻപത് പേരിൽ നാലും ഉറവിടമറിയാത്ത രോഗികളാണ്. ഇത് ആശങ്ക കൂട്ടിയിട്ടുണ്ട്.
ഇവരിൽ പാളയം സാഫല്യം കോംപ്ലക്‌സിൽ ജോലി ചെയ്യുന്ന അസാം സ്വദേശി, ലോട്ടറി വിൽപ്പനക്കാരനായ വഞ്ചിയൂർ കുന്നുംപുറം സ്വദേശി എന്നിവരും ഉൾപ്പെട്ടത് ആരോഗ്യവകുപ്പിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ഇവരുടെ സമ്പർക്ക ലിസ്റ്റിലുള്ളവരെ തിരിച്ചറിയുക എളുപ്പമായിരിക്കില്ല.
വെൽഡിംഗ് തൊഴിലാളിയായ ആലുവിള,ബാലരാമപുരം സ്വദേശി (47), നെയ്യാറ്റിൻകര വഴുതൂർ സ്വദേശിയും വി.എസ്.എസ്.സിയിൽ അപ്രന്റീസ് ട്രെയിനിയുമായ 25കാരൻ എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗികളായ മറ്ര് രണ്ടുപേർ.ഇവരിലാർക്കും യാത്രാ പശ്ചാത്തലമോ കൊവിഡ് ബാധിതരുമായി നേരിട്ട് ബന്ധമോ ഇല്ലാത്തത് വെല്ലുവിളിയുയർത്തുന്നു. സാഫല്യം കോംപ്ലക്സ് ദിവസവും നൂറുകണക്കിനാളുകൾ സന്ദർശിക്കുന്ന സ്ഥലമായതിനാൽ ആശങ്ക കൂടുകയാണ്. ലോട്ടറി വിൽപ്പനക്കാരൻ ജൂൺ 29നാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ അഡ്മിറ്റാവുന്നത്. ഇയാളുടെ സമ്പർക്കലിസ്റ്റും വിപുലമാകാനാണ് സാദ്ധ്യത.
മണക്കാട് സ്വദേശിയായ ആട്ടോ ഡ്രൈവറിൽ നിന്ന് ആറ് പേർക്കും വട്ടിയൂർക്കാവ് സ്വദേശിയായ ആരോഗ്യപ്രവർത്തകയിൽ നിന്ന് രണ്ട് പേർക്കും വി.എസ്.എസ്.ഇ ജീവനക്കാരനിൽ നിന്ന് ഭാര്യയ്ക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു.