bus-fare-

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പുതുതായി ആരംഭിച്ച ബസ് ഓൺ ഡിമാൻഡ്(ബോണ്ട്) സർവീസിന് ജില്ലയിൽ തുടക്കം. 51 യാത്രക്കാരുമായി നെയ്യാറ്റിൻകരയിൽ നിന്നു സെക്രട്ടേറിയറ്റിലേക്ക് പുറപ്പെട്ട ആദ്യ സർവീസ് കെ. ആൻസലൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. യാത്ര ചെയ്യുന്നതിന് ഒരുദിവസം 100 രൂപയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ആദ്യം രജിസ്റ്റർ ചെയ്ത 100 പേർക്ക് നിരക്കിൽ 20 ശതമാനം ഇളവ് നൽകിയിട്ടുണ്ട്. നിലവിൽ മൂന്ന് ബസിനുള്ള ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്നും യാത്രക്കാരുടെ ആവശ്യകതയനുസരിച്ച് കൂടുതൽ ബസുകൾ ഏർപ്പെടുത്തുമെന്ന് എം.എൽ.എ പറഞ്ഞു. ബോണ്ടിന്റെ ഭാഗമായുള്ള എല്ലാ ബസുകളും നോൺ സ്റ്റോപ്പ് ആയിരിക്കും. നിലവിൽ നെയ്യാറ്റിൻകര, നെടുമങ്ങാട് ഡിപ്പോകളിൽ നിന്നാണ് സർവിസ് ആരംഭിക്കുന്നത്. യാത്രക്കാരുടെ വാഹനം സൗജന്യമായി പാർക്ക് ചെയ്യാൻ പ്രത്യേക യാർഡ് നിർമ്മിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. കൊവിഡ് കണക്കിലെടുത്ത് 10 ദിവസത്തേക്ക് ബുക്കു ചെയ്യുന്നവർക്ക് 20 ദിവസത്തെ പാസ് നൽകുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി. ബിജു പ്രഭാകർ അറിയിച്ചു. ചടങ്ങിൽ നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർമാൻ കെ.കെ ഷിബു, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.