തിരുവനന്തപുരം : കൊവിഡ് കാലത്ത് പൊതുജനങ്ങളുടെ സംശയനിവാരണത്തിന് ആരോഗ്യവകുപ്പ് ആരംഭിച്ച ദിശ ടോൾ ഫ്രീ നമ്പരായ 1056ലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കും. ദിശവിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോ മന്ത്രി കെ.കെ.ശൈലജ പ്രകാശനം ചെയ്തു.
ഇതുവരെ ഒന്നര ലക്ഷത്തോളം പേരാണ് സംശയനിവാരണങ്ങൾക്കായി ദിശയിൽ വിളിച്ചത്. ജനുവരി 22നാണ് ദിശയെ കൊവിഡ് ഹെൽപ്പ് ലൈനാക്കിയത്. ഇ-സഞ്ജീവനി ടെലി മെഡിസിൻ, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, ഇഹെൽത്ത് എന്നിവയുടെ വിവരങ്ങളും ഇനി ദിശയിലൂടെ ലഭിക്കും. കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനം പദ്ധതിയുടെ ഹെൽപ് ലൈൻ സേവനവും ഉടൻ ദിശയിലൂടെ ലഭ്യമാക്കും. കൂടുതൽ സൗകര്യങ്ങൾക്കായി പുതിയ കെട്ടിടത്തിലേക്ക് ദിശയുടെ പ്രവർത്തനം മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി.
വിളിക്കാം 1056, 0471 2552056
ദിശ ഹെൽപ്പ്ലൈനിൽ 24 മണിക്കൂറും സേവനം ലഭ്യമാകും. 30 ഡെസ്ക്കുകളിലായി പരിശീലനം നേടിയ 55 പേരാണ് ഇവിടെ പ്രവർത്തിക്കുന്നത്. പ്രതിദിനം 4500 മുതൽ 5000 വരെ കോളുകളാണ് കൈകാര്യം ചെയ്യുന്നത്.