തിരുവനന്തപുരം: നഗരത്തിൽ പുതുതായി കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച അമ്പലത്തറ, പുത്തൻപള്ളി, മാണിക്യവിളാകം, ബീമാപള്ളി ഈസ്റ്റ് എന്നീ വാർഡുകളിൽ ശക്തമായ സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കണ്ടെയ്ൻമെന്റ് വാർഡുകളിലേക്ക് കടന്നുവരുന്ന വഴികൾ പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു. പൂന്തുറ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന പൂന്തുറ, ബീമാപള്ളി, ഫിഷർമെൻ കോളനി, പള്ളിത്തെരുവ് ഈസ്റ്റ്, വെസ്റ്റ്, കുമരിച്ചന്ത ഈസ്റ്റ്, മുന്നാറ്റുംമുക്ക് പാലം, മസാലത്തെരുവ് ഇരുവശവും, കുമരിച്ചന്ത പുത്തൻപള്ളിക്ക് മുൻവശം എന്നിവിടങ്ങളാണ് പൂർണമായി അടച്ചത്.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ എല്ലാ കടകളും ഈ സോണിൽ അടച്ചിടണം. കുമരിച്ചന്ത പുത്തൻപള്ളിക്ക് മുൻവശത്താണ് ഇവിടത്തെ അതിർത്തി പരിശോധനാകേന്ദ്രം. ആറ്റുകാൽ, കുര്യാത്തി, കളിപ്പാംകുളം, മണക്കാട്, ചിറമുക്ക്, കാലടി, ഐരാണിമുട്ടം, വള്ളക്കടവ് പുത്തൻപാലം, തൃക്കണ്ണാപുരം ടാഗോർ നഗർ എന്നീ സ്ഥലങ്ങളും നഗരത്തിലെ കണ്ടെയ്ൻമെന്റ് സോണുകളായി തുടരുകയാണ്.
നഗരത്തിൽ ക്വാറന്റൈൻ ലംഘിച്ചു പുറത്തിറങ്ങിയ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ദുബായിൽ നിന്നും വന്ന് വലിയതുറ സ്‌റ്റേഷൻ പരിധിയിലെ വെട്ടുകാട് ബാലനഗറിൽ ഹോംക്വാറന്റൈനിൽ കഴിഞ്ഞുവന്ന 50 വയസുകാരനാണ്. വീട്ടുകാർ പറഞ്ഞതനുസരിക്കാതെ പുറത്ത് പോയതായി പൊലീസ് കൺട്രോൾ റൂമിൽ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വലിയതുറ പൊലീസ് ആൾ സെയിന്റ്സ് ജംഗ്ഷനിലെ ബാർബർ ഷോപ്പിൽ നിന്നു ഇയാളെ പിടികൂടി.