തിരുവനന്തപുരം: ദേശീയ സമ്പാദ്യ പദ്ധതി ഫണ്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ സമ്പൂർണ്ണ മേൽനോട്ടം തപാൽ വകുപ്പിനെ ഏൽപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന ഏജന്റുമാർ ആശങ്കയിലായി.
നിലവിൽ നിയമനവും മേൽനോട്ടവും സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന ഏജൻസി കമ്മിഷന് പുറമേ സംസ്ഥാന സർക്കാരിന്റെ വിവിധ ബോധവൽക്കരണ പരിപാടികളിലും സർവ്വേകളിലും പങ്കാളികളാവുന്നതിന് പ്രതിഫലം ലഭിക്കുന്നുണ്ട്. ഏജന്റുമാരുടെ നിയന്ത്രണം തപാൽ വകുപ്പ് ഏറ്റെടുക്കുന്നതോടെ, വിവിധ സേവനങ്ങൾക്ക് സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം നഷ്ടപ്പെടുമെന്നാണ് ആശങ്ക. കൊവിഡിനെ തുടർന്ന് ദേശീയ സമ്പാദ്യ പദ്ധതി നിക്ഷേപങ്ങളുടെ പലിശ നിരക്ക് കേന്ദ്രം വെട്ടിക്കുറച്ചതും തിരിച്ചടിയാണ്. തീരുമാനം റദ്ദാക്കാൻ ജനപ്രതിനിധികളുടെ സഹായം തേടാനൊരുങ്ങുകയാണ് ഏജന്റുമാർ.