ആഴ്സനലിന് തകർപ്പൻ ജയം, ചെൽസിക്കും ലെസ്റ്ററിനും തോൽവി
ആഴ്സനൽ 4-നോർവിച്ച് സിറ്റി 0
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരങ്ങളിൽ അടിപൊളി വിജയം നേടി ആഴ്സനൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ മുൻനിരക്കാരായ ചെൽസിയും ലെസ്റ്റർ സിറ്റിയും തോൽവികൾ ഏറ്റുവാങ്ങി.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ നോർവിച്ച് സിറ്റിയെ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് തോൽപ്പിക്കുകയായിരുന്നു ആഴ്സനൽ. ഇരട്ട ഗോൾ നേടിയ പിയറി എമറിക് ഒൗബമയാംഗും ഒാരോ ഗോളടിച്ച ഗ്രാനിറ്റ് ഷാക്കയും സെഡ്രിക് സുവാരസും ചേർന്നാണ് ആഴ്സനലിന് വിജയമൊരുക്കിയത്.
33-ാം മിനിട്ടിൽഒൗബമയാംഗിലൂടെയാണ് ആഴ്സനൽ സ്കോറിംഗ് തുടങ്ങിയത്. 37-ാം മിനിട്ടിൽ ഷാക്കയ്ക്ക് ഗോളടിക്കാൻ പാസ് നൽകിയ ഒൗബമയാംഗ് 69-ാം മിനിട്ടിലാണ് തന്റെ അടുത്ത ഗോൾ വലയിലാക്കിയത്. 81-ാം മിനിട്ടിൽ ഒരു കോർണർ കിക്കിൽ നിന്ന് സെഡ്രിക് സോറസ് പട്ടിക പൂർത്തിയാക്കി.
ഇൗ വിജയത്തോടെ ആഴ്സനലിന് 32 മത്സരങ്ങളിൽനിന്ന് 46 പോയിന്റായി. പത്താംസ്ഥാനത്തുനിന്നാണ് ആഴ്സനൽ ഏഴാമതേക്ക് ഉയർന്നത്.
50
ഒൗബമയാംഗ് ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ 50 ഗോളുകൾ തികച്ചു. ഗാബോൺ സ്വദേശിയായ ഒൗബമയാംഗ് 2018 ലാണ് ആഴ്സനലിലെത്തിയത്. 79 മത്സരങ്ങളിൽ നിന്നാണ് ഒൗബമയാംഗ് പ്രിമിയർ ലീഗ് ഗോളുകളിൽ അർദ്ധസെഞ്ച്വറി തികച്ചത്.
വെസ്റ്റ് ഹാം 3- ചെൽസി 2
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലാണ് വെസ്റ്റ് ഹാം 3-2ന് ചെൽസിയെ മുട്ടുകുത്തിച്ചത്. ആദ്യപകുതിയിൽ ആദ്യം ഗോളടിച്ചത് ചെൽസി ആയിരുന്നുവെങ്കിലും ഇടവേളയ്ക്ക് പിരിയുംമുമ്പ് വെസ്റ്റ്ഹാം സമനില പിടിച്ചെടുത്തു. 42-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ വില്ലെയ്‌നാണ് ചെൽസിക്കായി സ്കോർ ചെയ്തത്. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ സൗസെക്ക് സമനില പിടിച്ചു. 51-ാം മിനിട്ടിൽ അന്റോണിയോ വെസ്റ്റ് ഹാമിനെ മുന്നിലെത്തിച്ചു. 72-ാം മിനിട്ടിൽ തന്റെ രണ്ടാം ഗോളിലൂടെ വില്ലെയ്ൻ കളി വീണ്ടും സമനിലയിൽ ആക്കിയെങ്കിലും 89-ാം മിനിട്ടിലെ യാർമോലെങ്കോയുടെ ഗോൾ വെസ്റ്റ് ഹാമിന് വിജയം നൽകുകയായിരുന്നു.
ഇൗ വിജയത്തോടെ 32 മത്സരങ്ങളിൽ നിന്ന് 30 പോയിന്റായ വെസ്റ്റ്ഹാം തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് തത്കാലം ഒഴിവായി. 32 മത്സരങ്ങളിൽനിന്ന് 54 പോയിന്റുള്ള ചെൽസി നാലാംസ്ഥാനത്ത് തുടരുകയാണ്.
എവർട്ടൺ 2- ലെസ്റ്റർ സിറ്റി 1
ലീഗിലെ മൂന്നാംസ്ഥാനക്കാരായ ലെസ്റ്റർസിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എവർട്ടണിനോട് തോറ്റത്. 10-ാം മിനിട്ടിൽ റിച്ചർ ലിസണും 16-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ സിഗുറോസണുമാണ് എവർട്ടണുവേണ്ടി സ്കോർ ചെയ്തത്. 51-ാം മിനിട്ടിൽ ഇഹീനാച്ചോ ലെസ്റ്ററിന്റെ ആശ്വാസഗോൾ നേടി.
32 മത്സരങ്ങളിൽ നിന്ന് 55 പോയിന്റുള്ള ലെസ്റ്റർ മൂന്നാം സ്ഥാനത്താണ്. 44 പോയിന്റായ എവർട്ടൺ 11-ാം സ്ഥാനത്തേക്ക് ഉയർന്നു.
പ്രിമിയർ ലീഗ് ടോപ് 10
ടീം, കളി, ജയം, സമനില, തോൽവി, പോയിന്റ് ക്രമത്തിൽ
ലിവർപൂൾ 31-28-2-1-86
മാഞ്ചസ്റ്റർ സിറ്റി 31-20-3-8-63
ലെസ്റ്റർ സിറ്റി 32-16-7-9-55
ചെൽസി 32-16-6-10-54
മാൻ. യുണൈറ്റഡ് 32-14-10-8-52
വോൾവർ ഹാംപ്ടൺ 32-13-13-6-52
ആഴ്സനൽ 32-11-13-8-46
ടോട്ടൻഹാം 31-12-9-10-45
ബേൺലി 32-13-6-13-45
ഷെഫീൽഡ് 31-11-11-9-44
ഇറ്റാലിയൻ സെരി എ
ഇന്ററിന്റെ ആറാട്ട്
റോം : ഇറ്റാലിയൻ സെരി എയിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ഇന്റർമിലാൻ എതിരില്ലാത്ത അരഡസൻ ഗോളുകൾക്ക് ദുർബലരായ ബ്രെഷ്യയെ കീഴടക്കി. അഞ്ചാംമിനിട്ടിൽ ആഷ്‌ലി യംഗ്, 20-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ അലക്സിസ് സാഞ്ചസ്, 45-ാം മിനിട്ടിൽ അംബ്രോസിയോ, 52-ാം മിനിട്ടിൽ ഗിലാർഡീനി, 83-ാം മിനിട്ടിൽ എറിക് സൺ, 88-ാം മിനിട്ടിൽ കൺട്രാവ എന്നിവരാണ് ഇന്ററിനായി ഗോളുകൾ നേടിയത്.
29 മത്സരങ്ങളിൽനിന്ന് 64 പോയിന്റുള്ള ഇന്റർ മൂന്നാംസ്ഥാനത്താണ്. 72 പോയിന്റിലെത്തിയ യുവന്റസാണ് ഒന്നാമത്. 68 പോയിന്റുള്ള ലാസിയോ രണ്ടാമതും.