തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ,സർക്കാർ ഒാഫീസുകളിലെ പ്രവർത്തന സംവിധാനത്തിൽ മാറ്റം വരുത്തി പുതിയ മാർഗ്ഗനിർദ്ദേശം പൊതുഭരണ വകുപ്പ് പുറത്തിറക്കി.
സാമൂഹിക അകലം പാലിച്ച് ജോലി ചെയ്യാനുള്ള സംവിധാനമില്ലെങ്കിൽ സർക്കാർ ഓഫീസുകളിലെ ഗ്രൂപ്പ് സി, ഡി വിഭാഗം ജീവനക്കാർ ഒന്നിടവിട്ടോ, ഒരാഴ്ച ഇട വിട്ടോ ഹാജരായാൽ മതി.ഇക്കാര്യം മേലധികാരികൾക്ക് തീരുമാനിക്കാം. ഹോട്ട് സ്പോട്ട്/കണ്ടെയ്‌ൻമെന്റ് സോണിലെ ജീവനക്കാർക്ക് ഓഫീസിൽ വരുന്നതിന് ഇളവ് ലഭിക്കും. അത്യാവശ്യ സാഹചര്യത്തിൽ ഈ സോണുകളിൽ നിന്നുള്ള ജീവനക്കാർക്ക് ഓഫീസിൽ വരുന്നതിന് യാത്രയ്ക്ക് അനുമതി നൽകണം. ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കണം. അംഗപരിമിതരായ ജീവനക്കാരെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്നതിൽ നിന്ന് ഒഴിവാക്കണം.
ജീവനക്കാർ ഔദ്യോഗിക, സ്വകാര്യ ആവശ്യങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങളിൽ പോയാൽ മടങ്ങിയെത്തിയ ശേഷം 14 ദിവസത്തിന് ശേഷം ഓഫീസിൽ ഹാജരായാൽ മതി. ക്വാറന്റൈനിൽ നിർദ്ദേശിക്കപ്പെട്ട ജീവനക്കാർക്ക് സർക്കാർ മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അക്കാലയളവ് സ്‌പെഷ്യൽ കാഷ്വൽ ലീവായി അനുവദിക്കും.
ഒാഫീസിലെത്താനാവാത്ത
ജീവനക്കാർക്ക്കൊവിഡ്
പ്രതിരോധ ഡ്യൂട്ടി
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ജോലിക്കെത്താനാവാത്ത ഗ്രൂപ്പ് III, IV വിഭാഗംസർക്കാർ ജീവനക്കാരെയും അദ്ധ്യാപകരെയും കൊവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പൊതുഭരണ വകുപ്പ് പുറത്തിറക്കി. ജില്ലാകളക്ടമാർക്കാണ് ചുമതല.
ജീവനക്കാരെ ആവശ്യമുള്ള തദ്ദേശ സ്ഥാപനങ്ങളും കളക്ടറേറ്റുകളും അക്കാര്യം രേഖാമൂലം അതാത് വകുപ്പിനെ അറിയിക്കണം. ഓഫീസിലെ ആവശ്യകത പരിശോധിച്ച് വകുപ്പ് മേധാവിക്ക് അനുമതി നൽകുകയോ നിരസിക്കുകയോ ചെയ്യാം. സേവനം ഓഫീസിൽ അത്യാവശ്യമെന്ന് തോന്നുന്ന പക്ഷം മാതൃവകുപ്പ് മേധാവിക്ക് അവരെ തിരിച്ചു വിളിക്കാം.