everton-weeks

ആന്റിഗ്വ : വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ പ്രതാപകാലത്ത് തിളങ്ങിനിന്ന ഇതിഹാസ താരം സർ എവർട്ടൺ വീക്ക്സ് അന്തരിച്ചു. 95 വയസായിരുന്നു. മഹാന്മാരായ ക്ളൈഡ് വാൽക്കോട്ട്, ഫ്രാങ്ക് വോറൽ എന്നിവർക്കൊപ്പം 'ത്രീ ഡബ്‌ള്യൂസ് ' എന്ന ഒാമനപ്പേരിൽ അറിയപ്പെട്ടിരുന്ന താരമാണ് വീക്ക്സ്.

1948 നും 1958 നുമിടയിൽ 48 ടെസ്റ്റ് മത്സരങ്ങൾ കളിച്ച വീക്ക്സ് 4455 റൺസ് നേടിയിട്ടുണ്ട്. 58.61 ആണ് ശരാശരി. 207 റൺസാണ് ഉയർന്ന സ്കോർ. 15 സെഞ്ച്വറികൾ നേടിയിട്ടുള്ള വീക്ക്സ് തുടർച്ചയായ അഞ്ച് ഇന്നിംഗ്സുകളിൽ സെഞ്ച്വറിയടിച്ച റെക്കാഡിന് ഉടമയുമാണ്. ഇതിൽ നാലെണ്ണം 1948 ലെ വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലുമായിരുന്നു.

1948 ൽ ഇംഗ്ളണ്ടിനെതിരെ ജമൈക്ക ടെസ്റ്റിൽ 141 റൺസടിച്ച് തുടങ്ങിയ വീക്ക്സ് പിന്നാലെ ഇന്ത്യൻ പര്യടനത്തിൽ ഡൽഹിയിൽ 128, ബോംബെയിൽ 194, 162, കൽക്കട്ടയിൽ 101 എന്നിങ്ങനെയാണ് സ്കോർ ചെയ്തത്. മദ്രാസിൽ നടന്ന അവസാന മത്സരത്തിൽ 90 റൺസിൽ നിൽക്കെ പുറത്തായതിനെപ്പറ്റി ഇപ്പോഴും വിവാദമുണ്ട്. 1950 ലെ ഇംഗ്ളണ്ട് പര്യടനത്തിൽ മൂന്ന് അർദ്ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും നേടി. 1957 ലെ ഇംഗ്ളണ്ട് പര്യടനത്തിലെ ലോർഡ്സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ വിൻഡീസ് 80/4 എന്ന നിലയിൽ തോൽവിയിലേക്ക് നീങ്ങിയപ്പോൾ ഒടിഞ്ഞ വിരലുമായി മൂന്ന് മണിക്കൂറോളം ബാറ്റുചെയ്ത് 90 റൺസ് നേടിയത് ഇപ്പോഴും ആവേശമുണർത്തുന്ന ഒാർമ്മയാണ്.

1958 ൽ പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് ശേഷമാണ് വിൻഡീസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. തുടയിലേറ്റ പരിക്കായിരുന്നു കാരണം. 1964 വരെ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ തുടർന്നു. തുടർന്ന് പരിശീലകനായി മാറിയ ഇദ്ദേഹം 1979 ലെ ലോകകപ്പിലെ കനേഡിയൻ ടീമിന്റെ കോച്ചായിരുന്നു. 1994 ൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ മാച്ച് റഫറിയായി. നാല് ടെസ്റ്റുകളും ഒരു ഏകദിനവും നിയന്ത്രിച്ചു. കഴിഞ്ഞവർഷം ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു.

ത്രീ ഡബ്‌ള്യൂസ്

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള വിൻഡീസ് ടീമിന്റെ നെടുംതൂണുകളായിരുന്നു ത്രീ ഡബ്‌ള്യൂസ്. ബാർബഡോസിൽ അരമൈൽ ചുറ്റളവിനുള്ളിൽ 18 മാസത്തിന്റെ വ്യത്യാസത്തിൽ ജനിച്ച മൂവരും ചേർന്ന വിൻഡീസ് ടീം അക്കാലത്ത് വിസ്മയം സൃഷ്ടിച്ചു. ബ്രിഡ്ജ് ടൗണിലെ സ്റ്റേഡിയത്തിന് ത്ര്രീ ഡബ്യൂസ് ഒാവൽ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. വാൽക്കോട്ട് 2006 ലും വോറൽ 1967 ലുമാണ് മരണത്തിന് കീഴടങ്ങിയിരുന്നത്.

എവർട്ടൺ വീക്ക്സിന്റെ ബാറ്റിംഗിനെക്കുറിച്ച് ആവേശമുണർത്തുന്ന ഒട്ടേറെ കഥകൾ കേട്ടിട്ടുണ്ട്. മരണത്തിന് കീഴടങ്ങിയ ഇതിഹാസ താരത്തിന് ആദരാഞ്ജലികൾ - സച്ചിൻ ടെൻഡുൽക്കർ