വിവാദവേള
.............
ശാരീരിക അകലം, സാമൂഹ്യ ഒരുമ എന്ന മുദ്രാവാക്യം നെഞ്ചിലേറ്റി കൊവിഡ്-19നെതിരെ ജാഗ്രതയോടെ നീങ്ങാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തത്, രാജ്യമൊട്ടാകെ കൊവിഡ് പ്രതിരോധ ലോക്ക് ഡൗൺ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നതിന് നാലഞ്ച് ദിവസം മുമ്പാണ്. മാർച്ച് 19ന്. മാർച്ച് 24ന് രാജ്യമെങ്ങും സമ്പൂർണ്ണ ലോക്ക് ഡൗൺ നിലവിൽ വന്നു.
പിന്നീടിങ്ങോട്ട് കേരളത്തിലെ ലോക്ക് ഡൗൺ ക്രമീകരണം ശാരീരിക അകലം, സാമൂഹ്യ ഒരുമ എന്ന ലക്ഷ്യം മുന്നിൽ നിറുത്തിയുള്ളതായിരുന്നു. സാമൂഹ്യ അടുക്കളകളും അന്യസംസ്ഥാന തൊഴിലാളികളോടുള്ള കരുതലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നല്ല നിലയിൽ പാലിക്കലുമൊക്കെ, കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ആഗോളപ്രശംസ നേടിക്കൊടുത്തു. പിന്നീടിങ്ങോട്ട് കൊവിഡ് വ്യാപനം ഒരു പരിധിവരെ നിയന്ത്രിച്ചുകൊണ്ടുവന്നതിലും കേരളമോഡലുണ്ടായി. ലോക്ക് ഡൗണിലെ ഇളവുകളും പ്രവാസികളുടെയും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെയും നാട്ടിലേക്കുള്ള മടങ്ങിവരവുമെല്ലാമായപ്പോൾ വീണ്ടും കേരള കൊവിഡ് ഭീതിയുടെ പിടിയിലായിരിക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ വരവിന് ശേഷം കേരളവും ഇന്ത്യയും ലോകവുമെല്ലാം ഏറ്റവുമധികം ചർച്ച ചെയ്ത പദാവലികൾ 'പോസിറ്റീവും നെഗറ്റീവും' ആണ്. പോസിറ്റീവിന്റെയും നെഗറ്റീവിന്റെയും അർത്ഥതലങ്ങൾ മാറി വരുന്ന രാഷ്ട്രീയ, സാമൂഹ്യാന്തരീക്ഷത്തിലൂടെയാണ് കൊവിഡ് കാലത്ത് ലോകസമൂഹം കടന്നുപോകുന്നത്. പോസിറ്റീവ് എന്ന പദം മനുഷ്യന്റെ ആശങ്കയെ കൂട്ടുന്നുവെന്ന തരത്തിൽ അങ്ങേയറ്റത്തെ നെഗറ്റീവ് ഫലം സൃഷ്ടിക്കുകയും നെഗറ്റീവ് എന്ന പദം മനുഷ്യന് ആശ്വാസം നേടിക്കൊടുക്കുന്ന പോസിറ്റീവ് പദമായി മാറുകയും ചെയ്യുന്നു. രാഷ്ട്രീയ, സാമൂഹ്യ പരിസരങ്ങളിലാകെ സ്ഥിരം വ്യവഹാരമായിക്കൊണ്ട് ഈ രണ്ട് പദങ്ങൾ കൊവിഡ് കാലത്ത് വിഹരിക്കുന്നതെങ്ങനെയാണ്?
രോഗവ്യാപനവും രോഗമുക്തിയും
കേരളത്തിൽ മേയ് ആദ്യം തൊട്ടിങ്ങോട്ട് കൊവിഡ് രോഗികളുടെ എണ്ണം കൂടി വരികയാണ്. അതിന് തൊട്ടുമുമ്പ് പൂജ്യത്തിലെത്തി നിയന്ത്രിച്ചതായിരുന്നു കേരളം. പോസിറ്റീവ് കണക്കുകൾ ആശങ്കയോടെയും നെഗറ്റീവ് കണക്കുകൾ ആശ്വാസത്തോടെയുമാണ് മലയാളികൾ കേൾക്കുന്നത്. വ്യാഴാഴ്ച 160 പേർക്ക് പോസിറ്റീവാണ്. അതായത് ഒരു ദിവസം മാത്രം കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 160. രോഗമുക്തി നേടിയവരുടെ എണ്ണം 202 എന്നത് വലിയ ആശ്വാസമേകുന്നതും. പോസിറ്റീവിനേക്കാൾ നെഗറ്റീവ് കൂടി നിൽക്കുന്നത് എന്തായാലും കേരളത്തിന് നൽകുന്ന ആശ്വാസം ചില്ലറയല്ല.
സമരവേലിയേറ്റങ്ങൾ
പ്രവാസികളുടെ മടങ്ങിവരവിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് മുഖ്യമന്ത്രിയും സർക്കാരും ശഠിച്ചപ്പോൾ പ്രതിപക്ഷനേതാവ് ഒരു ദിവസം സെക്രട്ടേറിയറ്റ് നടയിൽ സത്യഗ്രഹമിരുന്നു. അന്ന് സമരപ്പന്തലിൽ നേതാക്കൾ തിക്കിത്തിരക്കി. ശാരീരിക അകലം എന്ന കൊവിഡ് പ്രതിരോധ മാനദണ്ഡം കാറ്റിൽ പറന്നു. 'നിങ്ങളുടെ ക്യാമറയിൽ വരാനായി നേതാക്കൾ തിക്കിത്തിരക്കുകയായിരുന്നില്ലേ' എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ രോഷം പൂണ്ടു.
ഉറവിടം കണ്ടെത്താത്ത കൊവിഡ് രോഗവ്യാപനം തലസ്ഥാന നഗരത്തിലടക്കം ഉയരുന്ന സവിശേഷ കാലാവസ്ഥയിൽ സമരങ്ങളുടെ സ്വഭാവം മാറേണ്ടതല്ലേ എന്നതൊരു ചോദ്യമാണ്. ജനാധിപത്യസംവിധാനത്തിൽ സമരങ്ങളെ തടയാനാവില്ല. ഭരണകൂടങ്ങളുടെ ചെയ്തികളിൽ അരുതായ്മകളുണ്ടെങ്കിൽ ചോദ്യം ചെയ്യപ്പെടണം. കേരളത്തിലിപ്പോൾ പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ നിരന്തരം സമരത്തിലാണ്. തിരഞ്ഞെടുപ്പ് വർഷമാകുമ്പോൾ അത് സ്വാഭാവികം. ഇടതുപക്ഷം കേന്ദ്രനിലപാടുകളെ ചോദ്യം ചെയ്ത് സമരത്തിനിറങ്ങുന്നു.
മഹാമാരിയുടെ പേരിൽ പകർച്ചവ്യാധി നിരോധന നിയമത്തെ ഏകാധിപതികൾ അവരുടെ ഏകാധിപത്യനടപടികൾക്ക് മറയാക്കുന്നതും ലോകമെങ്ങും ചർച്ചയാണ്. കേരളത്തിലും പകർച്ചവ്യാധി നിരോധന നിയമം ഇപ്പോൾ നടപ്പാക്കിവരുന്നു. ലോകസാഹചര്യം കേരളത്തിലില്ല. കൗതുകകരമായ കാര്യം സെക്രട്ടേറിയറ്റ് നടയിൽ മാത്രം കഴിഞ്ഞ ഏതാനും ദിവസങ്ങളിലുണ്ടായ സമരവേലിയേറ്റങ്ങൾക്ക് 93 കേസുകൾ രാഷ്ട്രീയനേതാക്കൾക്കെതിരെയുണ്ടായി എന്നതാണ്. കുറ്റം കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചത് തന്നെ.
ഒരു കണക്കിന് മഹാമാരി സമരങ്ങളെ അടിച്ചിരുത്തുന്നതിന് ഭരണാധികാരികൾക്ക് 'പോസിറ്റീവ്' ആയി മാറുന്നു. പ്രതിപക്ഷകക്ഷികൾക്ക്, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിർണായകവർഷത്തിൽ, സമരം കടുപ്പിച്ച് ഭരണകക്ഷിക്ക് തലവേദന സൃഷ്ടിക്കാൻ വിഘാതമുണ്ടാക്കുന്നതും മഹാമാരി തന്നെ. ആ അർത്ഥത്തിൽ രാഷ്ട്രീയമായി അവർക്കത് 'നെഗറ്റീവ്' ആണ്.
പ്രവാസികളുടെ മടക്കം
പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം സൃഷ്ടിക്കുന്നതും ഒരേ സമയം പോസിറ്റീവ്, നെഗറ്റീവ് ഇഫക്ടുകളാണ് കേരളത്തിൽ. വിദേശത്ത് നിന്ന്, പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ നിന്ന് തൊഴിൽനഷ്ടമുൾപ്പെടെയുള്ള കാരണങ്ങളാൽ മലയാളികൾ കൂട്ടപ്പലയാനത്തിനൊരുങ്ങി നില്പാണ്. രോഗവ്യാപന ഭീതിയും ഒരു കാരണമാണ്. ഗൾഫിൽ മരിക്കുന്ന മലയാളികളടക്കമുള്ളവരുടെ എണ്ണം കൂടുന്നു. ഇവരെ സുരക്ഷിതരായി നാടുകളിലെത്തിക്കുകയെന്നത് രാഷ്ട്രീയമായി ഭരണകക്ഷിക്ക് ഇപ്പോൾ പരമപ്രധാനമാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം കുടുംബങ്ങൾക്കും ഒരു പ്രവാസി ബന്ധം ഏതെങ്കിലും വകയിൽ ഉണ്ടെന്നത് തന്നെ കാരണം.
മൂന്നോ നാലോ മാസങ്ങൾ പിന്നിടുമ്പോൾ കേരളത്തിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പാണ്. അതിന്ശേഷം ഒരാറുമാസം പിന്നിടുമ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പ്. കൊവിഡ് മഹാമാരി ഒഴിഞ്ഞാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പ് ഒഴിവാകില്ലെന്ന് രാഷ്ട്രീയകക്ഷികൾ തിരിച്ചറിയുന്നു. അപ്പോൾ പ്രവാസികളുടെ കരുതൽ രാഷ്ട്രീയകക്ഷികൾക്ക് നിർണായകം. മതന്യൂനപക്ഷങ്ങൾ കേരളത്തിലെ വോട്ട്ബാങ്കിൽ നിർണായകമായതും പ്രവാസിവിഷയത്തിൽ പരോക്ഷമായ രാഷ്ട്രീയസ്വാധീനം ചെലുത്തുന്നുണ്ട്.
രോഗവ്യാപനം തടഞ്ഞുനിറുത്തേണ്ടത് ജനസാന്ദ്രതയേറിയ സംസ്ഥാനത്തിന് പരമപ്രധാനമാണ്. ഇല്ലെങ്കിൽ കാര്യങ്ങൾ പിടിവിട്ട് പോകാം. വിദേശത്ത് നിന്ന് രോഗവുമായി വിമാനത്തിലെത്തുന്നവർ ഒരുപാട് പേരിലേക്ക് രോഗം പടർത്താമെന്നത് ആശങ്കയുളവാക്കുന്നതുതന്നെയാണ്. ഗൾഫിൽ നിന്ന് പുറപ്പെടുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ ഒരുവേള സർക്കാർ തീരുമാനിച്ചപ്പോൾ, പ്രതിപക്ഷം ചാടിവീണതും സവിശേഷമായ രാഷ്ട്രീയ കാലാവസ്ഥ കണക്കിലെടുത്താണ്. പെട്ടെന്ന് തന്നെ ആഘാതം തിരിച്ചറിഞ്ഞ സർക്കാർ നിലപാട് മാറ്റി.
അതായത്, പ്രവാസികളുടെ മടങ്ങിവരവ് ഒരേ സമയം ഭരണകക്ഷിക്ക് പോസിറ്റീവും നെഗറ്റീവും ആയി അനുഭവപ്പെടുന്നുവെന്ന് ചുരുക്കം. സർക്കാർഭാഗത്ത് നിന്നുണ്ടാകുന്ന ഓരോ നീക്കത്തെയും പരമാവധി പോസിറ്റീവ് രാഷ്ട്രീയഫലം ഉണ്ടാക്കിയെടുക്കാനുള്ള അവസരമാക്കുകയെന്നതാണ് പ്രതിപക്ഷതന്ത്രം. അഞ്ച് ലക്ഷത്തോളം പേരാണ് ഗൾഫിൽ നിന്ന് നാട്ടിലേക്കെത്താനായി കാത്തുകിടക്കുന്നത്. ഇവരിൽ പകുതിപേർ പോലുമെത്തിയിട്ടില്ല. അതിനാൽ നെഗറ്റീവും പോസിറ്റീവുമായ പ്രത്യാഘാതങ്ങൾ ഇനിയും കൂടാനിരിക്കുന്നതേയുള്ളൂ.
ഇന്ധന വില
കൊവിഡ് മഹാമാരിയുടെ കാലത്ത് പെട്രോൾ, ഡീസൽ വില ഒരു ദിവസം പോലും ഇടവേളയില്ലാതെ നിരന്തരം കൂട്ടിക്കൊണ്ടിരിക്കുന്നത് ഏതാണ്ട് ഒരു മാസത്തോളമായി രാജ്യം കാണുന്നു. ജനജീവിതത്തെ സാരമായി ബാധിക്കുന്നതാണ് ഇന്ധനവിലയുടെ രാഷ്ട്രീയമാനം. വിലക്കയറ്റമടക്കം ജനജീവിതത്തെ സർവ്വതലത്തിലും സ്പർശിക്കുമത്. ജനങ്ങൾക്ക് അതിനാൽ കൊവിഡ് കാലത്ത് ഇത് അങ്ങേയറ്റം നെഗറ്റീവ് ആണ്. ഭരണകൂടങ്ങൾക്ക് പക്ഷേ ഖജനാവ് കരുതലോടെ സംരക്ഷിക്കാനാകുന്നുവെന്നതിനാൽ പോസിറ്റീവാണ്. 2014ന് മുമ്പ് 77982 കോടിയായിരുന്നു എക്സൈസ് നികുതിയിനത്തിൽ രാജ്യത്തിന് ലഭിച്ചിരുന്നത്. ഇന്നത് മൂന്ന് ലക്ഷം കോടിയാണ്. ഇന്ധന വിലവർദ്ധനവിനെതിരെ കേന്ദ്രവിരുദ്ധ സമരം ഇടതുപക്ഷം കേരളമെമ്പാടും വാശിയോടെ നടത്തി. എന്നാൽ, വർദ്ധിപ്പിച്ച വിലയുടെ അധികനികുതി ഉപേക്ഷിച്ച് കേരളസർക്കാർ ജനതയോട് നീതി കാട്ടണമെന്ന് കേരളത്തിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ആവശ്യപ്പെടുന്നതും മറ്റൊരു പോസിറ്റീവ് ഫലം പ്രതീക്ഷിച്ച്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ വർദ്ധിപ്പിച്ച വിലയുടെ അധികനികുതി നാല് തവണ ഉപേക്ഷിച്ച് 619.17കോടിയുടെ ആശ്വാസം കേരളജനതയ്ക്ക് നൽകിയെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവകാശപ്പെടുന്നു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
കൊവിഡ് മഹാമാരിയുടെ കാലത്ത് സിനിമാതിയേറ്ററുകളെല്ലാം അടഞ്ഞുകിടക്കുന്നു. സിനിമാക്കാരെല്ലാം വിശ്രമത്തിലായിരുന്നു ഇതുവരെ. ചെറിയതോതിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന നിലയായപ്പോൾ, സ്വാതന്ത്ര്യസമര ചരിത്രം വിഭാഗീയമായ തർക്കങ്ങൾക്ക് വിത്തുപാകുന്ന കാഴ്ച.
1921ലെ മലബാർ കലാപമാണ് തർക്കവിഷയം. ബ്രിട്ടീഷുകാർക്കെതിരെ നടന്ന പോരാട്ടം ബ്രിട്ടീഷ് രേഖകളിൽ മാപ്പിള ലഹളയാണ്. ബ്രിട്ടീഷ് സർക്കാരിനെതിരായ നിസ്സഹകരണ, ഖിലാഫത്ത് പ്രസ്ഥാനം ശക്തിപ്പെട്ടുവരുന്ന കാലം. മലബാറിൽ കുടിയാന്മാരായ മാപ്പിളമാർ ജന്മിമാർക്കെതിരെ നടത്തിവന്ന സമരം ഇതിനോട് കൂട്ടിച്ചേർക്കപ്പെട്ടു. ജന്മിമാരിലേറെയും ഹിന്ദുക്കൾ. മലബാർകലാപ പോരാളിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തിന്റെ പേരിലാണിപ്പോൾ നാല് സിനിമകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. സാമ്രാജ്യത്വവിരുദ്ധതയും ജന്മിവിരുദ്ധതയും മതവുമെല്ലാമായി സങ്കീർണമാണ് മലബാർ കലാപത്തിന്റെ സ്വഭാവം. ധീരനായ പോരാളിയായിരുന്ന വാരിയംകുന്നന് ബ്രിട്ടീഷുകാർ നൽകിയത് വധശിക്ഷ. ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിച്ച ബ്രിട്ടീഷുകാരാണിതിന് വർഗീയമാനം കൈവരുത്താൻ പണിപ്പെട്ടത്. വാരിയംകുന്നൻ നിർബന്ധിത മതംമാറ്റത്തിന് ശ്രമിച്ചെന്ന പ്രചരണം ശരിയല്ലെന്ന് അദ്ദേഹം ദി ഹിന്ദു പത്രത്തിനെഴുതിയ കത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്.
കേരളീയ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക പരിസരത്തിന് ഈ സിനിമാവിവാദം നെഗറ്റീവ് തന്നെ. സങ്കുചിതമായ വിഭാഗീയത കേരളത്തിന്റെ കലാലോകത്തെങ്കിലും മുമ്പ് കാലത്ത് അന്യം നിന്നിരുന്നെങ്കിൽ കുറച്ചുകാലമായി അതിൽ മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നു. അതിനാൽ വിവാദമാഗ്രഹിക്കുന്നവർക്ക് പോസിറ്റീവാണിത്.
ജോസ് കെ.മാണി
ജോസ് കെ.മാണി ഇടത്തോട്ടോ വലത്തോട്ടോ പോയാൽ ആർക്ക് പോസിറ്രീവും നെഗറ്റീവും ആകും? വരും ദിവസങ്ങളിൽ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യമിതാണ്.