ottappalam-nagarasabah-

തെരുവ് നായ സൃഷ്ടിച്ച ഇരുചക്ര വാഹനാപകടത്തിൽ മരണമടഞ്ഞ വസ്ത്രവ്യാപാരിയുടെ കുടുംബത്തിന് 20.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള ഒറ്റപ്പാലം നഗരസഭയുടെ തീരുമാനം അങ്ങേയറ്റം ഉചിതമായി. നീതി ലഭിക്കാൻ വളരെയധികം വൈകിയെങ്കിലും ഇപ്പോഴെങ്കിലും അതുണ്ടായത് ആശ്വാസകരമാണ്. കുടുംബനാഥനെ അപകടത്തിൽ നഷ്ടപ്പെട്ട വീടുകാർക്ക് നഷ്ടപരിഹാരം അനുവദിച്ചുകൊണ്ടുള്ള സിരിജഗൻ സമിതിയുടെ ഉത്തരവിനെതിരെ അപ്പീൽ പോകാൻ തുടങ്ങിയതാണ്. എന്നാൽ സർക്കാർ ഇടപെട്ട് അതു തടയുകയായിരുന്നു. ഇതേത്തുടർന്നാണ് പലിശ സഹിതം നഷ്ടപരിഹാരത്തുക നൽകാൻ നഗരസഭ തീരുമാനമെടുത്തത്. ഒൻപതു വർഷം മുൻപു നടന്ന അപകടത്തിൽ വസ്ത്ര വ്യാപാരിയായ കുന്നത്ത് സെയ്തലവി എന്ന അൻപത്തിമൂന്നുകാരൻ അകാല മൃത്യുവിനിരയായ സംഭവത്തിൽ പത്നി ഫാത്തിമ നഷ്ടപരിഹാരം തേടി ആദ്യം സമീപിച്ചത് ഇൻഷ്വറൻസ് കമ്പനിയെയാണ്. വകുപ്പില്ലെന്നു പറഞ്ഞ് കമ്പനി ഒഴിഞ്ഞുമാറിയപ്പോഴാണ് അവർ സിരിജഗൻ കമ്മിറ്റിയെ സമീപിച്ചത്. തെരുവുനായ്‌ക്കൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്കും മറ്റ് ഉപദ്രവങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്കു ബാദ്ധ്യതയുണ്ടെന്ന് കമ്മിറ്റി നേരത്തെ ഉത്തരവിറക്കിയിരുന്നു. രാജ്യത്ത് തെരുവുനായ്ക്കൾ സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ചു പഠിച്ചു ശുപാർശ സമർപ്പിക്കാൻ സുപ്രീംകോടതിയാണ് സിരിജഗൻ കമ്മിറ്റിയെ നിയോഗിച്ചത്. സമാനമായ ഒട്ടേറെ കേസുകളിൽ ഉയർന്ന തോതിൽ നഷ്ടപരിഹാരം നൽകാൻ കമ്മിറ്റിയുടെ ഇടപെടൽ സഹായകമായിട്ടുണ്ട്. കേരളത്തിൽത്തന്നെ ചില കുടുംബങ്ങൾ നഷ്ടപരിഹാരം വാങ്ങിയിട്ടുമുണ്ട്.

തെരുവുനായ്‌ക്കൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ അനവധി ഇരുചക്ര വാഹനയാത്രികർക്കു ഇവിടെ മരണം സംഭവിച്ചിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ റോഡിൽ അലഞ്ഞുനടക്കുന്ന നായ്‌ക്കൾ വാഹനയാത്രക്കാർക്ക് വലിയ ഭീഷണിയാണ്. നായ് ശല്യം ഇല്ലാതാക്കേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. എന്നാൽ ഒരിടത്തും ഈ ചുമതല യഥാവിധി നിർവഹിക്കപ്പെടുന്നില്ല. നിരത്തുകളിൽ വാഹനയാത്രക്കാർ മാത്രമല്ല ഇവയുടെ ഭീഷണി നേരിടേണ്ടിവരുന്നത്. ഗ്രാമ - നഗര വ്യത്യാസമില്ലാതെ ആളുകൾ തെരുവു നായ്‌ക്കളുടെ ആക്രമണം ഭയന്നാണ് കഴിയുന്നത്. മാത്രമല്ല വീടിനുള്ളിൽ പോലും അവയുടെ ആക്രമണം നേരിടേണ്ടിവരുന്നു. വീടിനു ചുറ്റുമതിലോ ഉറപ്പുള്ള വേലിയോ ഇല്ലാത്ത കുടുംബങ്ങളാണ് ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. തൊട്ടിലിൽ ഉറക്കിക്കിടത്തിയ പിഞ്ചുകുഞ്ഞുങ്ങൾ തെരുവു നായയുടെ കടിയേറ്റ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ നായ കടിയേൽക്കേണ്ടിവന്ന കുട്ടികളും കുറവല്ല. തീരപ്രദേശങ്ങളിൽ നായശല്യം വലിയ വാർത്തയാകുന്നത് പതിവാണ്. ശൗര്യം മൂത്ത നായ്ക്കൾ മനുഷ്യരെ കടിച്ചുകീറി കൊന്ന സംഭവമുണ്ടായത് തലസ്ഥാന ജില്ലയിലെ തീരപ്രദേശത്താണ്. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് തെരുവു നായ്‌ക്കൾ സൃഷ്ടിക്കുന്ന വിപത്തിനെപ്പറ്റി അധികൃത കേന്ദ്രങ്ങൾക്കു ബോദ്ധ്യമുണ്ടാകുന്നത്. ജനരോഷം ശക്തമാകുമ്പോൾ കണ്ണിൽ പൊടിയിടാൻ ചില നടപടികളൊക്കെ എടുത്തെന്നിരിക്കും. നായ പിടിത്തവും വന്ധ്യംകരണവുമൊക്കെ അതിന്റെ ഭാഗമാണ്. പിടിച്ചുകൊണ്ടുപോയി വേറെ സ്ഥലത്ത് ഉപേക്ഷിക്കുന്ന തരികിടകളും ഉണ്ടാകാറുണ്ട്. മാലിന്യ ശേഖരണവും സംസ്കരണവും ഒരിടത്തും കാര്യക്ഷമമല്ലാത്തതിനാൽ തെരുവു നായ്‌ക്കൾ അനുദിനം ഇഷ്ടം പോലെ ഭക്ഷിച്ച് കരുത്തരായിക്കൊണ്ടിരിക്കുകയാണ്. ഉപദ്രവകാരികളായ നായ്ക്കളെപ്പോലും കൊല്ലാൻ നിയമം അനുവദിക്കാത്തതിനാൽ ദോഷഫലം അനുഭവിക്കേണ്ടിവരുന്നത് എല്ലാ കാര്യത്തിലുമെന്നപോലെ സാധാരണക്കാരാണ്.

തെരുവു നായ്‌ക്കൾ മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് അർഹമായ നഷ്ടപരിഹാരം നേടിയെടുക്കാൻ ആളുകൾ മുന്നിട്ടിറങ്ങിയാലേ നായശല്യം നിയന്ത്രിക്കാൻ കൂടുതൽ ഫലപ്രദമായ നടപടികളുമായി അധികൃതർ മുന്നോട്ടു വരൂ. ഇവിടെയാണ് ഒറ്റപ്പാലത്ത് സെയ്തലവിയുടെ കുടുംബത്തെ തേടിയെത്തിയ നീതിയുടെ സാന്ത്വന കരങ്ങൾ സമാന ദുരിതാവസ്ഥ നേരിടേണ്ടിവരുന്നവർക്കു മാതൃകയാക്കാവുന്നത്. ഭരണഘടനാ സ്ഥാപനങ്ങളുടെ വീഴ്ച മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് കണക്കു പറഞ്ഞ് നഷ്ടം ഈടാക്കാൻ ആളുകൾ മുന്നോട്ടുവരണം. പൗരാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒട്ടനവധി നിയമങ്ങളുണ്ട്. മഹാഭൂരിപക്ഷത്തിനും അതൊന്നും അറിയില്ലെന്നു മാത്രം. ജനങ്ങളുടെ ഈ അജ്ഞതയാണ് അധികാര കേന്ദ്രങ്ങൾ മുതലെടുക്കുന്നത്. നിയമത്തിന്റെ വഴി തിരഞ്ഞെടുത്താൽ പോലും അതിന്റെ തീർപ്പിനു വേണ്ടിവരുന്ന കാലയളവ് പലരെയും പിന്തിരിപ്പിക്കും. അസാധാരണ ക്ഷമയും ധാരാളം പണവും വേണ്ട കാര്യമാണിത്. എന്നിരുന്നാലും തെരുവു നായ്‌ക്കൾ മൂലമുണ്ടാകുന്ന വ്യക്തിഗത നഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം തേടാൻ ഇരകൾ മുന്നോട്ടുവന്നാൽ തീർച്ചയായും അതിനു ഫലമുണ്ടാകും. സുപ്രീംകോടതി നിയോഗിച്ച സിരിജഗൻ സമിതി ഇത്തരക്കാരെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് മനസിലാക്കണം.

തെരുവ്‌ നായ്‌ക്കൾ മൂലം ഉണ്ടാകുന്ന റോഡപകടങ്ങൾക്കു മാത്രമല്ല, അധികൃത വീഴ്ചകൾ കാരണം റോഡുകളിൽ സംഭവിക്കുന്ന അപകടങ്ങൾക്കും നഷ്ടപരിഹാരം ഈടാക്കാൻ ഇരകൾ മുന്നിട്ടിറങ്ങണം. നിരത്തുകളിലുണ്ടാകുന്നതും ഉണ്ടാക്കുന്നതുമായ കുഴികളിൽ വാഹനങ്ങൾ വീണ് ഓരോ വർഷവും എത്രയോ പേർ അകാലമൃത്യുവിനിരയാകാറുണ്ട്. ആയിരക്കണക്കിനാളുകൾക്ക് പരിക്കു പറ്റാറുണ്ട്. ജീവിതാന്ത്യം വരെ തളർന്നു കിടപ്പാകുന്നവരുണ്ട്. വിധിഹിതമെന്നു സമാധാനിച്ച് കഴിയുന്നവരാണ് അധികവും. നിയമം നൽകുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കുക അത്ര എളുപ്പമല്ലെങ്കിലും അതിനായി പോരാടുക തന്നെ വേണം. നഷ്ടപരിഹാരം വീഴ്ചവരുത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കാനുള്ള വ്യവസ്ഥ കൂടി ഉണ്ടായാൽ എല്ലാം നേരെ ചൊവ്വേ നടക്കും. ഒറ്റപ്പാലം കുന്നത്ത് സെയ്തലവിയുടെ ഭാര്യ ഫാത്തിമയ്ക്ക് തുണയായത് നിയമാവബോധമാണ്.