തിരുവനന്തപുരം: ഇറ്റാലിയൻ നാവികർ കേരളത്തിലെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ അന്താരാഷ്ട്ര ട്രിബ്യൂണൽ കോടതി വിധി മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമല്ലെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറവും പ്രസ്താവിച്ചു.
സംഭവം നടന്നതുമുതൽ മത്സ്യത്തൊഴിലാളികളുടെ മുഖ്യ ആവശ്യമായിരുന്നു ഇറ്റാലിയൻ നാവികരെ ജയിലിൽ അടയ്ക്കണമെന്നത്. എന്നാൽ മാറി വന്ന സർക്കാരുകൾ ഇവരെ സംരക്ഷിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. ട്രിബ്യൂണൽ വിധി വന്നിട്ട് 40 ദിവസത്തോളം അവ പുറത്തുവിടാതിരുന്ന കേന്ദ്ര നടപടി മത്സ്യത്തൊഴിലാളി സമൂഹത്തോടുള്ള അവഹേളനമാണെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ, ജനറൽ സെക്രട്ടറി വി.ഡി മജീന്ദ്രൻ, നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി.പീറ്റർ എന്നിവർ പ്രസ്താവിച്ചു.