jos-k-mani

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് വിഭാഗം പുറത്തായതിനെ തുടർന്ന് യു.ഡി.എഫിലുണ്ടായ രാഷ്ട്രീയപ്രതിസന്ധി പ്രയോജനപ്പെടുത്താൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ജോസിനെ ഒപ്പം കൂട്ടുന്നതിനുളള്ള പച്ചക്കൊടിയാണിത്.

യു.ഡി.എഫിൽ അന്തച്ഛിദ്രമുണ്ടായാൽ അതിൽ നിന്ന് അവരെ രക്ഷിക്കുക ഇടതുമുന്നണിയുടെ കടമയല്ല. സാഹചര്യം മുതലാക്കണമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട്. ഇടതുമുന്നണിയിൽ വിഷയം ചർച്ച ചെയ്യുന്നതിന് മുമ്പ് സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി അനുനയിപ്പിക്കാനും തീരുമാനിച്ചു. സി.പി.ഐയുമായി ആദ്യം ഉഭയകക്ഷി ചർച്ച നടത്തും. ജോസ് വിഭാഗം വന്നാൽ, പാലാ സീറ്റ് വിട്ടുനൽകേണ്ടി വരുമെന്നതിനാൽ എൻ.സി.പിയെയും അനുനയിപ്പിക്കണം. നീക്കുപോക്കുകളിലൂടെ മാണി സി.കാപ്പനെ വിശ്വാസത്തിലെടുക്കാനാണ് തീരുമാനം.

ജോസ് വിഭാഗത്തിന്റെ രാഷ്ട്രീയ അടിത്തറ യു.ഡി.എഫിലാണെന്നും അവരില്ലെങ്കിലും ഇടതുമുന്നണിക്ക് ജയിക്കാമെന്നുമുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെയാണ് സി.പി.എം തള്ളുന്നത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ അഭിമുഖീകരിക്കുമ്പോൾ ധാർമ്മികതയേക്കാൾ പ്രായോഗിക രാഷ്ട്രീയത്തിനാണ് ഊന്നൽ നൽകേണ്ടതെന്ന് സി.പി.എം പറയുന്നു. സി.പി.ഐയുടെ പരസ്യവിമർശനം ഈ ഘട്ടത്തിൽ സ്വീകരിക്കേണ്ട ശരിയായ രാഷ്ട്രീയത്തിന് ചേർന്നതല്ലെന്ന ഒറ്റപ്പെട്ട വിമർശനമുണ്ടായി.

സി.പി. ഐ അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിനൊപ്പമായിരുന്നിട്ടും പിന്നീട് ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും യോജിച്ചത് ധാർമ്മികത മാറ്റിവച്ചല്ലേയെന്ന് ചിലർ ചോദിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന ഘട്ടത്തിൽ ഇരു പാർട്ടികളും പരസ്പരം ചൊരിയാത്ത വിമർശനങ്ങളില്ലെന്നും ചിലർ ഓർമ്മിപ്പിച്ചു.

തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം യോഗം വിലയിരുത്തി.