
ഫോൺ മിനുങ്ങി.
റഷ്യയിൽ നിന്ന് സ്നോഡനാണ്. ചില രഹസ്യങ്ങൾ കൈമാറാനും അറിയാനും വേണ്ടിയുള്ള വിളിയാണ്.
ഹലോ സ്നോഡൺ, കുറെ നാളായല്ലോ വിളിച്ചിട്ട്. മരണാനന്തരവും പുട്ടിൻ തുടരുമോ?
മറുപടി ഒരു ചിരിയായിരുന്നു. അമേരിക്കയിൽ നിന്ന് രക്ഷപ്പെട്ട് റഷ്യയിൽ രഹസ്യകേന്ദ്രത്തിൽ കഴിയുകയാണല്ലോ സ്നോഡൺ. പുട്ടിനെതിരെ കമാന്നൊക്ഷരം പറയില്ല. ഞാൻ വിഷയം വേറൊരു രീതിയിൽ ചോദിച്ചു.
ശരിക്കും ജനങ്ങൾ ഇഷ്ടപ്പെട്ടിട്ട് തന്നെയാണോ പുട്ടിന് അനുകൂലമായി വിധിയെഴുതിയത്?
പുട്ടിൻ ഈസ് എ ഗ്രേറ്റ് മാൻ. ശരിക്കും ഇലക്‌ഷനൊക്കെ വേസ്റ്റല്ലെ. എത്ര പണമാണ് വെറുതെ പാഴാകുന്നത്. ജനങ്ങൾക്ക് ആരു ഭരിക്കുന്നു എന്നതൊന്നും പ്രശ്നമല്ല. സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കണം. അതുമാത്രമാണ് അവർ നോക്കുന്നത്.
അതായത് സാമ്പത്തികമായി മുന്നോട്ടാണ് ഗമനമെങ്കിൽ ഒരു രാജ്യത്തെയും ഭരണാധികാരി മാറണ്ട എന്നാണോ?
എന്തിന് മാറണം. പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ് രാജ്യത്ത്. പണമില്ലാത്തവൻ മാറുകയോ. മാറാതിരിക്കുകയോ ചെയ്യട്ടെ. ആര് ഗൗനിക്കുന്നു.
അപ്പോൾ അഭിപ്രായ സ്വാതന്ത്ര്യം?
അത് മൂന്ന് നേരം കഴിച്ചാൽ വിശപ്പ് മാറില്ല എന്നത് ഞാൻ റഷ്യയിൽ വന്നിട്ടാണ് പഠിച്ചത്. അഥവാ ഇനി ഒരു അഭിപ്രായം തികട്ടി വരികയാണെങ്കിൽ പോലും രണ്ട് വോഡ്‌ക കൂടുതൽ കഴിച്ചാൽ മതി എന്നാണ് ഇവിടത്തെ കണക്ക്. നമ്മുടെ പ്രസിഡന്റിന്റെ പേരിനോട് സാമ്യമുള്ള ഒരു പലഹാരം നിങ്ങൾ മലയാളികൾക്കിടയിൽ പ്രചാരത്തിലുണ്ടോ?
ഞാൻ ഞെട്ടിപ്പോയി. രാവിലെ നമ്മൾ വെട്ടിവിഴുങ്ങുന്ന പുട്ടിന്റെ കാര്യമാണ് പഹയൻ ചോദിക്കുന്നത്.
അത് പുട്ടിനല്ല. പുട്ട്. ചിലർ ദേ പുട്ട് എന്നും പറയും. പയറും പഴവും കൂട്ടി തിന്നാം. നല്ല രസമാണ്.
എന്റെ മറുപടി കേട്ട് കുറച്ചുനേരം സ്നോഡൻ ഒന്നും മിണ്ടിയില്ല. പിന്നീട് ചോദിച്ചു.
നിങ്ങൾ എത്രകാലമായി പുട്ട് കഴിക്കുന്നു?
അങ്ങനെ കൃത്യമായി പറയാൻ പറ്റില്ല. അപ്പനപ്പൂപ്പന്റെ കാലം മുതൽ കഴിച്ച് തുടങ്ങിയതാ.
മടുത്തോ?
ഇല്ല. അതുകൊണ്ടാണല്ലോ ഇപ്പോഴും രാവിലെ വല്ലപ്പോഴും പുട്ട് കഴിക്കുന്നത്.
നിങ്ങൾക്ക് പുട്ട് മടുത്തില്ലെങ്കിൽ ഞങ്ങൾക്ക് പുട്ടിനും മടുക്കില്ല. അതു കള. കേരളത്തിൽ ജോസ് കെ. മാണിയെ എടുക്കുന്നതിനെ സി.പി.ഐ എതിർക്കുകയാണെന്നാണല്ലോ അറിഞ്ഞത്.
ആളില്ലാത്ത പാർട്ടിക്ക് വരാൻ എൽ.ഡി.എഫ് വെന്റിലേറ്ററല്ല എന്നാണ് കാനം സഖാവ് തറപ്പിച്ച് പറഞ്ഞത്.
സി.പി.ഐയിൽ വെന്റിലേറ്ററിന്റെ കുറവുണ്ടെങ്കിൽ റഷ്യയിൽ നിന്ന് അയച്ചുതരാൻ ശ്രമം നടത്താം.
അങ്ങനെയല്ല, ആലങ്കാരികമായി പറഞ്ഞതാണ്.
ഞാൻ വിചാരിച്ചു, സി.പി.ഐയിൽ ഉള്ളവർക്ക് തന്നെ കിടക്കാൻ വെന്റിലേറ്റർ തികയുന്നില്ലെന്ന്.
അങ്ങനെയും വിചാരിക്കാം സ്നോഡൻ എന്ന് പറഞ്ഞ് ഞാൻ പെട്ടെന്ന് ഫോൺ സംഭാഷണം അവസാനിപ്പിച്ചു.