തിരുവനന്തപുരം: ശംഖുംമുഖത്തേക്ക് കുറച്ചുനാൾ മുമ്പാണ് ഇന്ത്യൻ വ്യോമസേനയുടെ ഒരു ഹെലികോപ്ടർ 'പറന്നിറങ്ങി'യത്. ഇനി ഇവിടെ നിന്നും അത് പൊങ്ങിപ്പറക്കില്ല. കുട്ടികൾക്കൊരു കൗതുകം പകരുന്ന കാഴ്ചയായി ഹെലികോപ്ടർ സ്ഥിരമായി ഉണ്ടാകും. ഹെലികോപ്ടർ വച്ചിരിക്കുന്ന സ്ഥലം ഇപ്പോൾ ടൂറിസം വകുപ്പ് മോടിപിടിപ്പിക്കുകയാണ്. തൊട്ടടുത്തായി പുതിയ കാഴ്ച വസ്‌തുവെത്തിയത് കാനായി തീർത്ത സാഗരകന്യക ശില്പത്തിന്റെ ദൃശ്യഭംഗിക്ക് കോട്ടം വരുത്തിയിട്ടുണ്ട്. ചെറുതല്ലാത്ത പുൽത്തകിടിയും ചെറുകുന്നും ചേർന്ന പ്രദേശത്തിന് ഒരു അലങ്കാരമായിരുന്നു ശംഖുംമുഖത്തിന്റെ മറ്റൊരടയാളമായ കാനായിയുടെ ശില്പം. തീരത്തേക്ക് ഇപ്പോൾ സഞ്ചാരികൾക്ക് വിലക്കുള്ളതുകൊണ്ടാണ് ഇക്കാര്യം ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോയത്. തട്ടുകട നടത്തി ഉപജീവനം നടത്തിയവർക്ക് സുരക്ഷിതമായി കച്ചവടം ചെയ്യുന്നതിനായി സ്ഥിരം കടകൾ ടൂറിസം വകുപ്പ് നിർമ്മിച്ചിരുന്നു. ഇപ്പോൾ അനാഥമായി കാടുപിടിച്ച് കിടക്കുകയാണിവിടം. തീരത്തോടുചേർന്നുള്ള സ്ഥലം തുറമുഖ വകുപ്പിന്റേതാണ്. ഇവിടെ നിർമ്മിച്ച പടിക്കെട്ടുകളും തകർന്നു കിടക്കുകയാണ്. തീരത്തോടുചേർന്ന പ്രദേശത്തിന്റെ നവീകരണത്തിനും പടിക്കെട്ട് നിർമ്മാണത്തിനുമായി ടൂറിസം വകുപ്പ് തുറമുഖ വകുപ്പിനോട് എസ്റ്റിമേറ്റ് ചോദിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ശംഖുംമുഖം വികസനകാര്യത്തിലുമുണ്ട് ഈ മെല്ലെപ്പോക്ക്. ശംഖുംമുഖത്തിന് പുതിയമുഖം നൽകുന്നതിന് ടൂറിസം വകുപ്പ് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനിച്ചത് 2016ലാണ്. അപ്പോൾ ശംഖുംമുഖത്തു നടന്നിരുന്ന 1.21 കോടി രൂപയുടെ സൗന്ദര്യവത്കരണത്തിന് പുറമേയായിരുന്നു അത്. 2017 മദ്ധ്യത്തോടെ നവീകരണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നത് 2019 മാർച്ച് രണ്ടിനാണ്.