voting

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ 65 വയസ് കഴിഞ്ഞവർക്കും കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ബന്ധുക്കൾ മുഖേനയുള്ള പ്രോക്സി വോട്ടോ തപാൽ വോട്ടോ അനുവദിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ശുപാർശ ചെയ്തു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടി നോക്കുന്ന ഉദ്യോഗസ്ഥർക്കും പ്രോക്സി വോട്ടിന് അനുവാദം നൽകാമെന്നാണ് സംസ്ഥാന സർക്കാരിന് നൽകിയ നിർദ്ദേശം.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതല സംസ്ഥാന സർക്കാരിന് കീഴിൽ വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്. അതുകൊണ്ടാണ് ഈ ശുപാർശ.

ഇതിനായി കേരള പഞ്ചായത്തിരാജ്, മുനിസിപ്പൽ നിയമങ്ങൾ ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കണം. വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകിട്ട് 6വരെയാക്കാനും നിയമ ഭേദഗതി വേണം.

അച്ഛൻ, അമ്മ, മക്കൾ, സഹോദരങ്ങൾ, അമ്മാവൻ എന്നിവരെയാണ് അടുത്ത ബന്ധുക്കളായി പരിഗണിക്കുക.

സമാനമായ നിർദേശം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിന് നൽകിയിരുന്നു.