തിരുവനന്തപുരം:കോൺഗ്രസ് സംഘടനാ സംവിധാനം കൂടുതൽ ശക്തമാക്കാൻ നേതാക്കളുടെയും പാർട്ടി ഘടകങ്ങളുടെയും പ്രവർത്തന മികവ് വിലയിരുത്തുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ അറിയിച്ചു. കെ.പി.സി.സി.മുതൽ ബൂത്തുതലം വരെയുള്ള ഭാരവാഹികളെയും ഘടകങ്ങളെയും വിലയിരുത്തി ഗ്രേഡിംഗ് നടത്തും.
ഈ മാസം തുടങ്ങും.റിപ്പോർട്ടിംഗ് ഓൺലൈൻ വഴിയാണ്. ഫോർമാറ്റുകൾ തയ്യാറായി.പ്രതിമാസ റിപ്പോർട്ടിംഗിന്റെയും നിശ്ചിത മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ പ്രവർത്തനം മികച്ചത് (ഗ്രീൻ), ശരാശരി (യെല്ലോ), പേരിനുപോലുമില്ല (റെഡ്) തുടങ്ങിയ വിഭാഗങ്ങളായി തിരിച്ച് മൂന്നു മാസം കൂടുമ്പോൾ എ.ഐ.സി.സി.ക്ക് റിപ്പോർട്ട് നൽകും. രണ്ടു മാസം കൂടുമ്പോൾ കെ.പി.സി.സി. പ്രസിഡന്റ് ബന്ധപ്പെട്ട ഓരോ ഭാരവാഹിയുമായും ആശയവിനിമയം നടത്തി, ആവശ്യമെങ്കിൽ തിരുത്തൽ നടപടി നിർദ്ദേശിക്കും.കെ.പി.സി.സി. ഭാരവാഹികളുടെയും സി.സി.സി. പ്രസിഡന്റുമാരുടെയും ആദ്യ റിപ്പോർട്ടിംഗ് ജൂലായ് 10നകം നടക്കും. തുടർന്നുള്ള എല്ലാ മാസവും 5ാം തീയതിക്കുള്ളിലാണ് റിപ്പോർട്ടിംഗ്.കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫിനാണ് ഏകോപന ചുമതല.